Yellowstone National Park's Grand Prismatic hot spring (Image: REUTERS)

ചൂടു നീരുറവകള്‍, ഉഷ്ണജല പ്രവാഹങ്ങള്‍, ഒഴുകുന്ന ഗെയ്‌സറുകള്‍. അമേരിക്കയിലെ യെലോസ്‌റ്റോണ്‍ ദേശീയപാര്‍ക്കിനെപ്പറ്റി കേട്ടിട്ടില്ലേ?. വര്‍ഷംതോറും ദശലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന വിസ്മയ പ്രദേശം. അതേസമയം തന്നെ ലോകത്തിലെ ഏറ്റവും വലിയ സജീവ അഗ്നിപർവ്വതങ്ങളുടെ ഭാഗവുമാണ് യെലോസ്റ്റോണ്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ നടന്നിരുന്നതായി ചരിത്രകാരന്‍മാര്‍ പറയുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് യെലോസ്റ്റോണിലെ എപ്പോളും തിളച്ചുമറിയുന്ന ഭൂപ്രകൃതിക്ക് കാരണവും. അടിയില്‍ ചുട്ടുപഴുത്ത മാഗ്മ ഒഴുകുമ്പോള്‍ യെലോസ്റ്റോണിലെ അടുത്ത പൊട്ടിത്തെറി എന്നായിരിക്കുമെന്നത് ശാസ്ത്രം വീക്ഷിക്കുന്ന കാര്യങ്ങളിലൊന്നാണ്. ഒടുവില്‍ അതിനും ഉത്തരമാകുകയാണ്.

Image Credit: instagram.com/yellowstonenps

യെലോസ്റ്റോണില്‍ അടുത്തെങ്ങും അഗ്നിപർവ്വത സ്ഫോടനത്തിന് സാധ്യതയില്ലെന്നാണ് ‘നേച്ചർ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടായേക്കാവുന്ന പൊട്ടിത്തെറികള്‍ ദേശീയോദ്യാനത്തിന്‍റെ വടക്കുകിഴക്ക് ഭാഗത്ത് കേന്ദ്രീകരിക്കാൻ സാധ്യതയുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. നിലവില്‍ യെലോസ്റ്റോണിൽ ഒരിടത്തും പൊട്ടിത്തെറി ഉണ്ടാവില്ലെന്ന് ജിയോഫിസിസ്റ്റ് നിൻഫ ബെന്നിങ്ടണെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. ധാരാളം മാഗ്മയുള്ളതിനാല്‍ യെലോസ്റ്റോണ്‍ സജീവമായി തുടരുമെന്നും ബെന്നിങ്ടണ്‍ പറയുന്നു. യെലോസ്റ്റോണിലെത്തുന്ന സഞ്ചാരികളെ പ്രദേശം ഇനിയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുമെന്ന് സാരം.

‘നേച്ചറി’ല്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം യെലോസ്റ്റോണിന് കീഴിലുള്ള ഉരുകിയ മാഗ്മ വലിയ റിസർവോയറായി രൂപപ്പെടുന്നതിന് പകരം കാൽഡെറയുടെ പുറംതോടിനുള്ളില്‍ നാല് വ്യത്യസ്ത ഇടങ്ങളിലാണ് സംഭരിക്കപ്പെടുന്നത്. ഈ ചെറിയ ‘സംഭരണികൾ’ സമീപഭാവിയിൽ സ്ഫോടനം ഉണ്ടാക്കാന്‍ കഴിവുള്ളവയല്ല. പാര്‍ക്കിന് താഴെ രണ്ട് തരം മാഗ്മയാണുള്ളത്. ഒന്ന് ഭൂമിയിലെ മിക്ക അഗ്നിപർവ്വത പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുന്ന ബസാൾട്ടിക് മാഗ്മയാണ്. എന്നാല്‍ യെലോസ്റ്റോണില്‍ ഭൂമിയുടെ പുറംതോടിൽ വളരെ ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അത് പൊട്ടിത്തെറിക്കാൻ സാധ്യതയില്ല. രണ്ടാമത്തേത് റിയോലിറ്റിക് മാഗ്മയാണ്. റിയോലിറ്റിക് മാഗ്മ പൊട്ടിത്തെറിക്കാൻ വളരെയധികം സമ്മർദ്ദം ആവശ്യമാണ്. ഡിസംബറിന്‍റെ അവസാനത്തിൽ ബിഗ് ഐലൻഡിൽ ഉണ്ടായത് ഉൾപ്പെടെ ഹവായിയിലെ സമീപകാല അഗ്നിപർവ്വത സ്ഫോടനങ്ങൾ ബസാൾട്ടിക് മാഗ്മ മൂലമാണ് ഉണ്ടായത്.

Image Credit: instagram.com/yellowstonenps

കഴിഞ്ഞ 2.1 ദശലക്ഷം വർഷങ്ങള്‍ക്കിടെ യെലോസ്റ്റോണില്‍ മൂന്ന് വലിയ സ്ഫോടനങ്ങളാണ് ഉണ്ടായത്. അമേരിക്കയിലെ ഗ്രാൻഡ് കാന്യൻ നിറയ്ക്കാന്‍ പോന്നത്രയും ചാരവും ലാവയും ഈ സ്ഫോടനങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ചരിത്രത്തിലെ ഏറ്റവും ശക്തമായ സ്ഫോടനങ്ങളിലൊന്നായി ഇവയെ കണക്കാക്കുന്നു. എന്നാൽ അവസാനത്തെ സ്ഫോടനം 70,000 വർഷങ്ങൾക്ക് മുന്‍പായിരുന്നു. 8 തീവ്രതയുള്ള സ്ഫോടനങ്ങള്‍ വരെ ഉണ്ടായിട്ടുള്ള സൂപ്പർവോൾക്കാനോയാണിത്. അഗ്നിപർവ്വത സ്‌ഫോടനങ്ങൾ പതിവില്ലാത്തതിനാല്‍ യെലോസ്റ്റോണിനെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്തുക വെല്ലുവിളിയാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. യെലോസ്റ്റോണിനെപ്പറ്റി മുന്‍പ് നടത്തിയ ഭൂരിഭാഗം പഠനങ്ങളും ഭൂകമ്പ ഡേറ്റ ഉപയോഗിച്ചാണ് തയ്യാറാക്കിയിരുന്നത്. അതേസമയം ജിയോഫിസിക്കൽ ടെക്നിക്കായ മാഗ്നെറ്റോട്ടെല്ലൂറിക്സ് എന്ന രീതി ഉപയോഗിച്ചാണ് പുതിയ പഠനം തയ്യാറാക്കിയിരിക്കുന്നത്.

യെലോസ്റ്റോണ്‍ പാര്‍ക്ക്

1872ലാണ് യെല്ലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്ക് രൂപീകരിക്കുന്നത്. അക്കാലത്ത് 37 സ്റ്റേറ്റുകളാണ് അമേരിക്കയിലുണ്ടായിരുന്നത്. നിലവില്‍ വ്യോമിങ്, മൊണ്ടാന, ഇഡാഹോ സ്റ്റേറ്റുകളിലാണ് യെല്ലോ സ്‌റ്റോണ്‍ വ്യാപിച്ചുകിടക്കുന്നത്. തിളച്ചുമറിയുന്ന ഉഷ്ണജല സ്രോതസ്സുകള്‍ക്ക് പുറമെ വെള്ളച്ചാട്ടങ്ങള്‍, മഡ്‌ സ്പോട്ടുകള്‍, ചതുപ്പുകള്‍, മലയിടുക്കുകള്‍, നദികള്‍, തടാകങ്ങള്‍, പര്‍വതനിരകള്‍ എന്നിവയെല്ലാം യെലോസ്റ്റോണില്‍ സഞ്ചാരികളെ കാത്തിരിപ്പുണ്ട്. ഭൂമിക്കടിയിലെ പാറകള്‍ ഉരുകുന്ന പ്രതിഭാസമായ മാഗ്മ ചേംബറിന്റെ ഫലമായാണ് ഇത്രയധികം പൊട്ടിത്തെറികളും ചൂട് നീരുറവകളും ഉണ്ടാകുന്നത്. ചെറുചൂട് മുതല്‍ 138 ഡിഗ്രി സെല്‍സിയസ് വരെ താപനിലയുള്ളതാണ് ഓരോ പ്രദേശങ്ങളിലെയും ജലം. അതുകൊണ്ടു തന്നെ സഞ്ചാരികള്‍ക്ക് ഇറങ്ങുന്നതിന് കടുത്ത നിയന്ത്രണമുണ്ട്. അമ്ലസ്വഭാവമുള്ള ജലം ധാതുതലവണങ്ങളും വാതകങ്ങളുംചേര്‍ന്ന് പല നിറത്തിലും കാണപ്പെടുന്നു.

ENGLISH SUMMARY:

A recent study published in Nature Journal confirms there is no immediate threat of a volcanic eruption in Yellowstone National Park. Learn about its geothermal wonders and future predictions.