ദര്‍ശന.. പഠനമായിരുന്നു ചെറുപ്പം മുതലേ അവള്‍ക്ക് ഏറ്റവും പ്രിയം. പഠിച്ച സ്കൂളിലെല്ലാം മികച്ചമാര്‍ക്ക് നേടി അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യര്‍ഥിനി ആയി അവള്‍. കോളജ് വിദ്യാഭ്യാസത്തിലേക്ക് എത്തിയപ്പോഴേക്കും സര്‍ക്കാര്‍ ജോലി അവള്‍ക്ക് തലയ്ക്ക് പിടിച്ചിരുന്നു. എത്രകഷ്ടപ്പെട്ടായാലും ആഗ്രഹിച്ച ജോലി നേടിയെടുക്കാന്‍ കഴിയുമെന്നവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. പ്രതീക്ഷയോടെ അവള്‍ പഠനം മുന്നോട്ടുകൊണ്ടുപോയി. എല്ലാവര്‍ക്കും പ്രതീക്ഷയും നല്‍കി.

അപ്പോഴേക്കും വയസ് 28 ആയി. ജാതകം ഒക്കാത്തതുകൊണ്ട് വന്ന ആലോചകളൊന്നും നടന്നില്ല..അങ്ങനെ ബന്ധുകൊണ്ടുവന്ന ഒരു ആലോചന വീട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടു. ഓംപ്രകാശ്. ജാതകവും ഒത്തു.  പിന്നീട് എല്ലാം പെട്ടെന്നായിരുന്നു രണ്ടുമാസത്തിനുള്ളില്‍ വിവാഹം ..ആദ്യസമയങ്ങളില്‍ തന്നെ സ്വര്‍ണത്തിലാണ് ഭര്‍തൃവീട്ടുകാരുടെ കണ്ണെന്ന് ആ പെണ്‍കുട്ടിക്ക് മനസിലായി. അവള്‍ അത് വിട്ടുകൊടുക്കാന്‍ തയാറായില്ല...അതോടെ പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു. പിന്നീട് ദര്‍ശനയ്ക്ക് ഒരിക്കലും മനസമാധാനം കിട്ടിയിട്ടില്ല....പീഡനത്തിന് ഓരോരോ കാരണങ്ങള്‍. പീഡനം സഹിക്കാനാകെ വന്നപ്പോള്‍ അവള്‍ വീട്ടിലേക്ക് വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു.

കുഞ്ഞുണ്ടാകുമ്പോഴെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയും തെറ്റി. പീഡനങ്ങള്‍ക്കൊക്കെ ഇടയിലും അവള്‍ പി.എസ്.സി ലക്ഷ്യമാക്കി പഠിച്ചുകൊണ്ടേയിരുന്നു. അതിനിടെ രണ്ടാമതും ദര്‍ശന ഗര്‍ഭംധരിച്ചു. നാലു മാസം. അന്ന് രാവിലേയും ഉച്ചയ്ക്കുമെല്ലാം പതിവുപോലെ ദര്‍ശന അമ്മയെ വിളിച്ചുസംസാരിച്ചു.. ആര്‍ക്കും ഒന്നും തോന്നിയില്ല..അല്ലെങ്കിലും വിഷമങ്ങളെല്ലാം അവള്‍ മനസില്‍ മാത്രം സൂക്ഷിച്ച് ശീലിച്ചിരുന്നു. വെണ്ണിയോട് പുഴയില്‍ ചാടിയ ദര്‍ശനയുടേയും മകള്‍ ദക്ഷയുടേയും രക്ഷാപ്രവര‍്ത്തനം ശ്രമകരമായിരുന്നു..കനത്ത മഴക്കാലമായതോടെ ഇരുവരേയും കണ്ടെത്തുക ബുദ്ധിമുട്ടായി....പക്ഷേ ദര്‍ശനയെ ജീവനോടെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി...മകള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ അപ്പോഴും തുടര്‍ന്നു..ഒടുവില്‍ അമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ വീട്ടുമുറ്റത്ത് കിടത്തിയപ്പോള്‍ മകളുടേയും മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി...അങ്ങനെ ഒന്നിച്ച് അവര്‍  യാത്രയായി.

ദര്‍ശന   ഈ ലോകത്തോട് വിടപറയാന്‍ തീരുമാനിച്ച ദിവസം അപ്പുറത്ത് അവളുടെ ജീവിതസ്വപ്നം യാഥാര്‍ഥ്യമാകുന്ന സമയം ആയിരുന്നു.... സര്‍ക്കാര്‍ ജോലിക്കായുള്ള അവളുടെ പരിശ്രമത്തിന് ഫലം കണ്ടു.. ഭര്‍ത്താവിന്‍റേയും വീട്ടുകാരുടേയും പീഡനം അസഹനീയമായപ്പോഴാണ് അവള്‍ ആ തീരുമാനം എടുത്തത്...പക്ഷേ അവരിപ്പോഴും സുഖമായി ജീവിക്കുന്നു. ദര്‍ശനയുടേയും മകളുടേയും ജീവനെടുത്തവര്‍ക്ക് അര്‍ഹമായ ശിക്ഷ  വാങ്ങിനല്‍കാനെങ്കിലും കഴിയണേ എന്ന പ്രാര്‍ഥന മാത്രമാണ് ഈ കുടുംബത്തിന് ഇനിയുള്ളത്.