ലോകത്തെ ഏറ്റവും വലിയ വ്യോമ പ്രദർശനങ്ങളിലൊന്നാണ് ദുബായ് എയർഷോ. ആകാശത്ത് വിസ്മയകാഴ്ച്ചയൊരുക്കി വിവിധ രാജ്യങ്ങളിലെ പോർവിമാനങ്ങൾ. ത്രസിപ്പിക്കുന്ന കാഴ്ചകളുമായി ഇന്ത്യൻ എയർ ഫോഴ്സും എയർ ഷോയിൽ സജീവസാന്നിധ്യമായി. ഇന്ത്യയടക്കം 95 രാജ്യങ്ങളാണ് ഇത്തവണ പ്രദർശനത്തിൽ പങ്കെടുക്കുന്നത്. 180ലേറെ വിമാനങ്ങളാണ് പ്രദർശനത്തിൽ അണിനിരന്നത്. ആകാശം ക്യാൻവാസാക്കി,, വരകളും വർണങ്ങളും കൊണ്ട് വിസ്മയം തീർത്ത് പോർവിമാനങ്ങൾ. ഒറ്റയ്ക്കും കൂട്ടമായുമെത്തി,, കുതിച്ചുപറന്നും മലക്കംമറിഞ്ഞും വർണങ്ങൾ വാരിവിതറിയും കാണികളെ ആവേശത്തിലാക്കുന്ന അഭ്യാസപ്രകടനങ്ങൾ. ഹെലികോപ്റ്ററുകളുടെ പ്രകടനം വേറെയും. ത്രിസിപ്പിക്കുന്ന കാഴ്ചകൾ കാണാൻ കാണാൻ കാണികളുടെ വലിയനിര. ഇന്ത്യയുടെ അഭിമാനമുയർത്തി തദ്ദേശനിർമിത ലഘുയുദ്ധവിമാനം തേജസിന്റെ പ്രകടനം. ഇത് രണ്ടാംതവണയാണ് തേജസ് ദുബായ് എയർഷോയിൽ പങ്കെടുക്കുന്നത്. ആകാശത്ത് റെഡ് ഐ ടേൺ ചെയ്ത് വിസ്മയം തീർത്ത തേജസ്,, ഹാഫ് റോൾ, ഹെസിറ്റേഷൻ റോൾ തുടങ്ങി വിവിധതരം അഭ്യാസപ്രകടനങ്ങൾ ഒൻപത് മിനിറ്റ് കാഴ്ചവച്ചാണ് തിരിച്ചുപറന്നിറങ്ങിയത്. ..ധ്രുവ് ഹെലികോപ്റ്ററിലെ സാരംഗ് ടീമിന്റെ പ്രകടനവും ആകാശത്തിന് മിഴിവേകി.
ആകാശത്തെ ആവേശക്കാഴ്ചകൾക്കൊപ്പം തദ്ദേശീയമായി നിർമിച്ച യുദ്ധോപകരണങ്ങളുടെ പ്രദർശനവുമായി ഇന്ത്യൻ പവലിയനും സജീവമായിരുന്നു. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പവലിയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന വകുപ്പ്, ഹിന്ദുസ്ഥാൻ എയറനോട്ടിക്കൽ ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് എന്നിവ നിർമിച്ച പ്രതിരോധ ഉപകരണങ്ങളാണ് പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി ഒരുക്കിയിരിക്കുന്നത്. ധ്രുവ് എഎൽഎച്ച് ഹെലികോപ്റ്ററിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ മാതൃകയും പ്രദർശിപ്പിച്ചിരുന്നു.
ടോർപ്പിഡോ അഡ്വാൻസ്ഡ് ലൈറ്റ് (TAL) അഥവാ താൽ. അന്തർവാഹിനികളെ ലക്ഷ്യംവയ്ക്കുന്ന മിസൈൽ. കപ്പലിൽ നിന്നും റോട്ടറി വിങ് എയർക്രാഫ്റ്റുകളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ആദ്യദിവസം തന്നെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും കിരിടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും എയർ ഷോ കാണാൻ എത്തിയിരുന്നു. മൂന്നാം ദിവസം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി. യുഎഇ പ്രതിരോധ കമ്പനിയായ എഡ്ജിന്റെ പവലിയൻ സന്ദർശിച്ച അദ്ദേഹം ഡ്രോണിൽ ഒപ്പുവച്ചു. ആഗോള വ്യോമയാനം, ബഹിരാകാശം, പ്രതിരോധം എന്നീ മേഖലകളിൽ കോടിക്കണക്കിന് ഡോളിന്റെ വ്യാപാരമാണ് ദുബായ് എയർ ഷോയിൽ ഓരോതവണയും നടക്കുന്നത്. എമിറേറ്റ് എയർലൈൻസ് മാത്രം ആദ്യദിവസം 5200 കോടി ഡോളറിന്റെ വിമാനങ്ങൾ വാങ്ങാൻ കരാറായി. ലോകത്തിലെ ഏറ്റവും വലിയ ട്വിൻ എൻജിൻ ബോയിങ് വിമാനം ത്രിപ്പിൾ സെവൻ എക്സ് ഉൾപ്പെടെ 95 വിമാനങ്ങളാണ് പുതുതായി വാങ്ങുന്നത്. 2025 ഓടെ പുതിയ ഓഡറുകളെല്ലാം എത്തുമെന്നാണ് പ്രതീക്ഷ. എമിറേറ്റ്സിന്റെ ബജറ്റ് എയർലൈനായ ഫ്ലൈ ദുബായ് 1100 കോടി ഡോളർ ചെലവിൽ ബോയിങ് വിമാനങ്ങൾ വാങ്ങാൻ കരാറിലേർപ്പെട്ടു.
ഈജിപ്റ്റ് എയർ, റിയാദ് എയർ, എയർ അറേബ്യ, എന്നുവേണ്ട വിവിധ വ്യോമയാന കമ്പനികൾ പുതിയ എയർ ബസുകളും വിമാനങ്ങളും വാങ്ങാനായി കോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് ഈ ദിവസങ്ങളിൽ ഒപ്പിട്ടത്. ഇന്ത്യ ഉൾപ്പെടെ 95 രാജ്യങ്ങളിൽ നിന്നായി 1400ലേറെ പ്രദർശകരാണ് മേളയിൽ പങ്കെടുക്കുന്നത്. ബഹിരാകാശമേഖലയിലും വൻകുതിച്ചുകയറ്റത്തിനാണ് ദുബായ് എയർ ഷോ വഴിയൊരുക്കുന്നത്. സർക്കാർ സ്ഥാപനങ്ങളെക്കൂടാതെ വിവിധ സ്വകാര്യ കമ്പനികളും നൂതന ആശയങ്ങളും പദ്ധതികളുമായി എത്തിയിരുന്നു.
അറബ് ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആവേശത്തിലായിരുന്നു മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിന്റെ പവലിയൻ. വിജയത്തിന്റെ സന്തോഷം ജനങ്ങളുമായി പങ്കുവയ്ക്കാൻ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അൽ മൻസൂരിയും ബഹിരാകാശത്ത് റെക്കോർഡുകൾ തീർത്ത് തിരിച്ചെത്തിയ സുൽത്താൻ അൽ നെയാദിയും ഉണ്ടായിരുന്നു. സന്ദർശകർക്ക് ഇരുവർക്കുമൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള അവസരവും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഒരുക്കിയിരുന്നു. MBZ - SAT ഉപഗ്രഹം മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ അടുത്ത വർഷം ജൂലായ്ക്കും സെപ്റ്റംബറിനും ഇടയിൽ വിക്ഷേപിക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലേം അൽമർറി എയര്ർ ഷോയിൽ വ്യക്തമാക്കി. ബഹിരാകാശ ദൗത്യത്തിന് കൂടുതൽ എമറാത്തി ബഹിരാകാശ സഞ്ചാരികളെ അയക്കും. പുതിയവരെയും മുൻപ് പോയിട്ടുള്ളവരെയും ഉൾപ്പെടുത്തിയാകും ഇതെന്നും അൽ മർറി അറിയിച്ചു.
Gulf This Week