സംസ്ഥാനത്ത് എയര്‍ ഗണ്ണുകളുടെ വില്‍പന കുതിച്ചുയരുന്നു. ആയുധനിയമം കടുപ്പിച്ച് തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എയര്‍ഗണ്ണിന് പ്രിയമേറിയത്. വര്‍ഷങ്ങളായി തോക്കുകളുടെ വില്‍പനയില്‍ സജീവമായ കച്ചവടക്കാര്‍വരെ എയര്‍ഗണ്ണുകളുടെ വില്‍പനയിലേക്ക് ചുവടുമാറ്റുകയാണ്.
നമ്മുടെ നാട്ടില്‍ അത്ര സാധാരണമായ കാഴ്ചയല്ലിത്. കൃഷിയിടങ്ങളിലെ എലിയെയും മറ്റു ചെറുജിവികളെയും പക്ഷികളെയുമൊക്കെ നശിപ്പിക്കാനാണ് വിദേശങ്ങളില്‍ സാധാരണ എയര്‍ഗണ്‍ ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഇവിടെ ഈ കേരളത്തില്‍ സ്വയരക്ഷയ്ക്കായി ആളുകള്‍ എയര്‍ ഗണ്‍ കയ്യില്‍ കരുതുന്നുണ്ടെന്നാണ് ഏറ്റവും ഒടുവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എയര്‍ ഗണ്‍ വിപണിയിലെ ഈ കുതിപ്പ് യഥാര്‍ഥ തോക്കുകളുടെ വില്‍പനയില്‍ സംഭവിച്ച ഇടിവിന് പിന്നാലെയുണ്ടായതാണ്. ലൈസന്‍സ് വേണ്ട. ഒരു തിരിച്ചറിയല്‍ രേഖയും കയ്യില്‍ കാശുമുണ്ടെങ്കില്‍ ആര്‍ക്കും എയര്‍ ഗണ്‍ സ്വന്തമാക്കാം. അതാണ് എയര്‍ഗണ്ണിന് ജനപ്രിയമാക്കിയതും.
ഇനി വെടിയുതിര്‍ക്കാന്‍ കഴിയുന്ന യഥാര്‍ഥ തോക്കുകള്‍ അഥവ ഫയര്‍ ആര്‍മ്സിന്റെ കാര്യം. 2007വരെ സജീവമായിരുന്നു സംസ്ഥാനത്തെ തോക്കുവിപണി. പക്ഷെ 2008ല്‍ അധികൃതര്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നതോടെയാണ് വിപണി ഇടിഞ്ഞത്. പുതിയ തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കാത്തതിന് പുറമെ പഴയതോക്കുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതും വിരളമായതോടെയാണ് സംസ്ഥാനത്തെ തോക്കുവിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. സ്വയരക്ഷയ്ക്ക് വ്യക്തികള്‍ കൈയ്യില്‍ കരുതുന്നതിനപ്പുറം സുരക്ഷാ ആവശ്യങ്ങള്‍ക്ക് ലഭ്യമായിരുന്ന തോക്കുകള്‍ക്ക് പോലും കടുത്ത നിയന്ത്രണം വന്നു.
യഥാര്‍ഥ തോക്കുകളുടെ ലൈസന്‍സ് കാര്യത്തില്‍ കടിഞ്ഞാണ്‍ വീണതോടെ ലൈസന്‍സ് വേണ്ടാത്ത എയര്‍ഗണ്ണിന് ആവശ്യക്കാരേറി. ഇന്ത്യന്‍ നിര്‍മിതമായ എയര്‍ പിസ്റ്റല്‍ എയര്‍ റൈഫിള്‍ വിഭാഗങ്ങളില്‍ത്തന്നെ നാല്‍പത് മാതൃകകളാണ് വിപണിയിലുള്ളത്. ഹരിക്കെയ്ന്‍ ,എസ്.ടി.ബി ഗിഫ്റ്റ് , സുബിന്‍ഡയാന തുടങ്ങി നിരവധി ഇന്ത്യന്‍ കമ്പനികളുേടതായി എയര്‍ ഗണ്ണുകള്‍ വിപണിയിലുണ്ട്. ആയിരം രൂപമുതല്‍ പതിനായിരം രൂപവരെ വരുന്ന ഇന്ത്യന്‍ എയര്‍ പിസ്റ്റലുകളും 2250രൂപമുതല്‍ 32,000രൂപവരെ വരുന്ന എയര്‍ റൈഫിളുകളും നമ്മുടെ വിപണിയിലുണ്ട്. വിദേശനിര്‍മിതമായ എയര്‍ പിസ്റ്റലുകള്‍ക്കും റൈഫിളുകള്‍ക്കും വിലയേറും. ജര്‍മന്‍ നിര്‍മിതമായ എയര്‍ പിസ്റ്റലുകള്‍ക്കാണ് ഈ വിഭാഗത്തില്‍ ആവശ്യക്കാരുള്ളത്. യഥാക്രമം 28000 , 32000 എന്നിങ്ങനെയാണ് നിരക്കുകള്‍ .
സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്കായിരുന്നു എയര്‍ഗണ്‍ നേരത്തെ വിറ്റുപോയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വയരക്ഷയ്ക്കായി എയര്‍ ഗണ്ണുകള്‍ വാങ്ങുന്നവരാണ് അധികവും. ഒപ്പം വീട്ടിലേക്ക് അലങ്കാരവസ്തുവായി എയര്‍ വാങ്ങുന്നവരുടെ എണ്ണവുമേറി.
ജി.എസ്.ടി നിലവില്‍വന്നതോടെ പതിനാലുശതമാനമായിരുന്ന നികുതി 18ശതമായി ഉയര്‍ന്നതാണ് എയര്‍ഗണ്‍ വിപണിയെ അല്‍പനമെങ്കിലും ക്ഷീണിപ്പിച്ചത്. കൂടുതല്‍ വില്‍പനയുണ്ടായില്ലെങ്കിലും ഉള്ള വില്‍പനയില്‍ ഇടിവുണ്ടായിട്ടില്ലെന്ന് പറയുന്നവരുമുണ്ട്.
ഷൂട്ടിങ് താരങ്ങള്‍ക്കും അവരുടെ മല്‍സരങ്ങള്‍ക്കുമായി എയര്‍ ഗണ്ണുകള്‍ ചൈനയില്‍നിന്ന് ഉള്‍പ്പടെ ഇറക്കുമതി ചെയ്യുന്നുണ്ട്. നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്ന ഇത്തരം എയര്‍ഗണ്ണുകള്‍ കൈപ്പറ്റണമെങ്കില്‍ കായികതാരമാണെന്ന് തെളിയിക്കുന്ന രേഖകളടക്കം കണിശമായ കടമ്പകള്‍ ഏറെ കടക്കണം. കര്‍ശനമായ നിയന്ത്രണങ്ങള്‍ യഥാര്‍ഥ തോക്കുകളുടെ വില്‍പന ഇടിച്ചതിനെ വിമര്‍ശിക്കുന്നവരാണ് തോക്കുവ്യാപാരികള്‍ ഏറിയപങ്കും. തോക്കിനായി അപേക്ഷ ലഭിച്ച് മുപ്പതുദിവസത്തിനകം പൊലിസ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണമെന്നും തോക്ക് ഉപയോഗിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയിലടക്കം പ്രശ്നങ്ങളില്ലെങ്കില്‍ അറുപതുദിവസത്തിനകം ലൈസന്‍സ് ലഭ്യമാക്കണമെന്ന നിയമം അധികൃതര്‍ കാറ്റില്‍പ്പറത്തുന്നുവെന്നാണ് വ്യാപാരികളുടെ വാദം.