തുടർച്ചയായി പത്താം വർഷവും ഇന്ത്യയിലെ ഏറ്റവും സമ്പന്നൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. 3800 കോടി ഡോളർ (രണ്ടരലക്ഷം കോടി രൂപ) ആണ് അംബാനിയുടെ സമ്പാദ്യം. ഒറ്റവർഷം കൊണ്ട് അംബാനിയുടെ സമ്പാദ്യത്തിൽ 1530 കോടി ഡോളർ (ഏകദേശം ഒരുലക്ഷം കോടി രൂപ) വർധനയുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ അഞ്ചു സമ്പന്നരിൽ മുകേഷ് അംബാനിയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ 100 സമ്പന്നരുടെ ആസ്തിയിൽ കഴിഞ്ഞ വർഷം 26% വർധനയുണ്ടായി. ഫോബ്സ് മാസിക തയാറാക്കിയ, ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് (2017) ഈ വിവരം. അതിസമ്പന്നരിൽ രണ്ടാം സ്ഥാനത്തു വിപ്രോയുടെ അസിം പ്രേംജിയാണ് – 1900 കോടി ഡോളർ (1,23,500 കോടിരൂപ).
കഴിഞ്ഞ വർഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൺ ഫാർമയുടെ ദിലീപ് സാംഗ്‍വി ഇക്കുറി ഒൻപതാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു – സമ്പാദ്യം 1210 കോടി ഡോളർ (78,650 കോടി രൂപ). 1840 കോടി ഡോളർ (1,19,000 കോടി രൂപ) ആസ്തിയോടെ ഹിന്ദുജ സഹോദരന്മാരാണു മൂന്നാം സ്ഥാനത്ത്. നാലാമതു ലക്ഷ്മി മിത്തൽ – 1650 കോടി ഡോളർ (1,07,250 കോടി രൂപ). നരേന്ദ്ര മോദി സർക്കാരിന്റെ സാമ്പത്തിക പരീക്ഷണങ്ങൾ അതിസമ്പന്നരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. നോട്ടു നിരോധനവും ചരക്കു സേവന നികുതി നടപ്പാക്കലും മൂലം ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ തളർച്ചയിലാണെങ്കിലും ഓഹരി വിപണി കുതിപ്പിലാണ്. അതിസമ്പന്നരുടെ ആസ്തി കൂടുന്നതിനു കാരണവും ഇതാണ്.അംബാനിയുടെ കാര്യത്തിലാണെങ്കിൽ, എണ്ണശുദ്ധീകരണത്തിലെ ലാഭം കൂടിയതും റിലയൻസ് ജിയോയുടെ വൻ വിജയവും ഗ്രൂപ്പ് കമ്പനികളുടെ ഓഹരിവിലയിലുണ്ടാക്കിയ കുതിപ്പ് വളരെ വലുതായിരുന്നെന്നു ഫോബ്സ് പറയുന്നു.
ഗുജറാത്തിലെ പ്രമുഖ ബിസിനസുകാരൻ ഗൗതം അദാനി പത്താം സ്ഥാനത്തുണ്ട്. കഴിഞ്ഞ വർഷം 13–ാം സ്ഥാനമായിരുന്നു. ഇപ്പോൾ ആസ്തി 1100 കോടി ഡോളർ (71500 കോടി രൂപ). യോഗാ ഗുരു ബാബ രാംദേവിന്റെ ബിസിനസ് പങ്കാളി പതഞ്ജലി ആയുർവേദയുടെ ആചാര്യ ബാലകൃഷ്ണയുടെ സമ്പാദ്യത്തിലും വൻവർധനയുണ്ട്. കഴിഞ്ഞ വർഷം 48–ാം സ്ഥാനത്തുണ്ടായിരുന്ന അദ്ദേഹം ഇക്കുറി 655 കോടി ഡോളർ (43,000 കോടി രൂപ) സമ്പാദ്യവുമായി 19–ാം സ്ഥാനത്തേക്കു കുതിച്ചു. അതിസമ്പന്നരായ 100 പേരുടെ പട്ടികയിൽ ഏഴു വനിതകളുണ്ട്. ജിൻഡൽ ഗ്രൂപ്പ് അധ്യക്ഷ സാവിത്രി ജിൻഡൽ 750 കോടി ഡോളറുമായി (48,750 കോടി രൂപ) പതിനാറാം സ്ഥാനത്ത്. ബയോകോണിന്റെ കിരൺ മജുംദാർ ഷാ 216 കോടി ഡോളറുമായി (14,040 കോടി രൂപ) 72–ാം സ്ഥാനത്തുണ്ട്