pv

ജനങ്ങളുടെ മനോഭാവം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിച്ച് സി.പി.എം. ലോക്സഭാതിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിലാണ് പാര്‍ട്ടിയുടെ സ്വയംവിമര്‍ശനം.  തിരിച്ചടിയുടെ കാരണങ്ങളില്‍ ചിലത് പാര്‍ട്ടി ശരിയായി മനസിലാക്കിയിട്ടുണ്ടെന്നും വ്യക്തമാണ്.  സര്‍ക്കാരിനെ തിരുത്താനുള്ള  മാര്‍ഗരേഖയും പാര്‍ട്ടി മുന്നില്‍ കാണുന്നുണ്ട്. പക്ഷേ മുഖ്യമന്ത്രിയും തിരുത്തണ്ടേ എന്നു ചോദ്യം വന്നാല്‍ പ്രശ്നമാണ്. . ശരിക്കും തിരുത്തേണ്ടതെന്താണ് എന്ന്  പാര്‍ട്ടിക്ക് അറിയാത്തതാണെങ്കില്‍ ഒന്നു കണ്ണുതുറന്നു നോക്കിയാല്‍ മതി. ഒ.ആര്‍.കേളുവിനെ മന്ത്രിയാക്കിയപ്പോള്‍ മുന്‍ഗാമി കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പുകള്‍ മാറ്റിയതാണ് ഏറ്റവുമാദ്യം തിരുത്തേണ്ട അനീതി. ഭരണപരിചയം ഒന്നും ഒരു പ്രശ്നമല്ലെന്ന് പറഞ്ഞ് മന്ത്രിമാരെ തിരഞ്ഞെടുത്ത രണ്ടാം പിണറായി സര്‍ക്കാരിലേക്കാണ് രണ്ടരപതിറ്റാണ്ട് ഭരണ–രാഷ്ട്രീയപരിചയമുള്ള ഒ.ആര്‍.കേളുവിനെ പുതുമുഖമാക്കി കരുതല്‍ കാണിച്ചിരിക്കുന്നത്. പട്ടികജാതി–പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവരെ ഭരിക്കാനൊരു മന്ത്രിയല്ല വേണ്ടത്, അധികാരത്തില്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യമാണ്. 

 

ഇത്രയും പറഞ്ഞത് ഒ.ആര്‍.കേളുവിന്റെ പൊതുപ്രവര്‍ത്തന–ഭരണപരിചയം സ്വന്തം പാര്‍ട്ടിയെ  ഒന്നോര്‍മിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. 24 വര്‍ഷമായി ജനപ്രതിനിധിയാണ് ഒ.ആര്‍.കേളു.  ഒ.ആര്‍.കേളു ദേവസ്വം മന്ത്രിയായാല്‍ എന്താണ്  പ്രശ്നം ? കെ.രാധാകൃഷ്ണനു പകരം മന്ത്രിയാകുന്നയാള്‍ക്ക് അതേ വകുപ്പുകള്‍ തന്നെ നല്‍കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. പക്ഷേ പൊതുവകുപ്പുകള്‍ പൂര്‍ണമായും എടുത്തു മാറ്റി, പകരം  ആദിവാസിവിഭാഗത്തില്‍ നിന്നുള്ള  ആദ്യത്തെ സി.പി.എം മന്ത്രി,  പട്ടികജാതി–പട്ടികവര്‍ഗവികസനം മാത്രം നോക്കിയാല്‍ മതിയെന്നു തീരുമാനിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കെ.രാധാകൃഷ്ണന്‍ ദേവസ്വം മന്ത്രിയായപ്പോള്‍ ഇതാ വിപ്ലവം നടപ്പായെന്നു പാടി നടന്ന സി.പി.എം അണികളെവിടെ? ഈ അനീതിക്കു മുന്നില്‍ നിശബ്ദരായിരിക്കാന്‍ എങ്ങനെയാണ് ഇടതുപക്ഷത്തിനു കഴിയുന്നത്? 

ദേവസ്വം പാര്‍ലമെന്ററി വകുപ്പുകള്‍ തന്നിരുന്നെങ്കില്‍ വേണ്ടെന്നു പറയുമായിരുന്നുവെന്ന് ഒ.ആര്‍‍.കേളുവിനെക്കൊണ്ടു തന്നെ പറയിപ്പിക്കുന്ന സാമൂഹിക മനോഭാവത്തിന്റെ പേരാണ് ജാതി. പകരം ഈ  മന്ത്രിസഭയില്‍ ഇപ്പോള്‍ ഞെളിഞ്ഞിരിക്കുന്നവര്‍ക്കൊക്കെ പഞ്ചായത്ത് അംഗമായെങ്കിലും പരിചയമുണ്ടായിരുന്നോ എന്നു തിരിച്ചു ചോദിക്കാന്‍ കരുത്തു നല്‍കുന്ന മുന്നേറ്റത്തിന്റെ പേരാണ് പുരോഗമനം.   അനീതി നടപ്പാക്കാന്‍ തീരുമാനമെടുത്തവരെ ചോദ്യം ചെയ്യാനും തിരുത്തിക്കാനും കഴിയുന്ന രാഷ്ട്രീയമാറ്റമാണ് വിപ്ലവം. ഒ.ആര്‍.കേളുവിന്റെ മന്ത്രിസ്ഥാനം അര്‍ഹതയും നീതിയുമാണെങ്കില്‍ വകുപ്പുവിഭജനം വലിയ ഒരു അനീതിയാണ്.  പിന്നാക്കക്കാരുടെ പ്രാതിനിധ്യമെന്നാല്‍ സംഘടിതവിലപേശല്‍ ശേഷിയുള്ള സമുദായനേതാക്കളുടെ തൃപ്തിയല്ല. പ്രാതിനിധ്യത്തിനൊപ്പം പ്രധാനമാണ് അധികാരവും. അത്  വ്യക്തിപരമായ പ്രശ്നമല്ല, ഗുരുതരമായ സാമൂഹ്യഅനീതിയാണ്, ഈ അനീതി തിരുത്തപ്പെടണം. ഭരണ സംവിധാനത്തില്‍ തന്നെയുള്ള അനീതി അവസാനിപ്പിക്കാതെ എവിടെ നിന്നാണ് തിരുത്തല്‍ തുടങ്ങേണ്ടത്? എന്തും തിരുത്താം എന്നു പറയുമ്പോഴും മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന വിമര്‍ശനങ്ങളെ വ്യക്തിപരമായി പിണറായി വിജയന്റെ പെരുമാറ്റത്തിലേക്കു മാത്രമായി ചുരുക്കാനാണ് സി.പി.എമ്മും താല്‍പര്യപ്പെടുന്നത്. തിരുത്തേണ്ടത് പിണറായി വിജയന്‍ എന്ന ഭരണാധികാരിയുടെ സമീപനമാണ്. മാറ്റമുണ്ടാകേണ്ടത് പിണറായി സര്‍ക്കാരിന്റെ മുന്‍ഗണനകളിലും താല്‍പര്യങ്ങളിലുമാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ താല്‍പര്യങ്ങളെയാകെ പിണറായി വിജയന്‍ എന്ന വ്യക്തിയുടെ ശൈലി സ്വാധീനിച്ചിരിക്കുന്നതുകൊണ്ടാണ് പിണറായി തിരുത്തണം എന്ന ആവശ്യം ജനാധിപത്യകേരളത്തില്‍ നിന്നുയരുന്നത്. 

പാര്‍ട്ടി തിരുത്തേണ്ടത് പാര്‍ട്ടിയും പിണറായി തിരുത്തേണ്ടതു പിണറായിയും തിരുത്തണം. തിരുത്തേണ്ടതെന്തെന്ന് പാര്‍ട്ടിക്കു ബോധ്യമായിട്ടും പിണറായിക്കു ബോധ്യമാകാത്തതാണെങ്കില്‍ പാര്‍ട്ടി മനസിലാക്കിക്കൊടുക്കണം. വ്യക്തിപരമായി പിണറായി തിരുത്തേണ്ടത് പെരുമാറ്റശൈലിയാണ്.  പക്ഷേ ഭരണാധികാരിയെന്ന നിലയിലാണ് ഏറ്റവും പ്രധാന തിരുത്തലുകള്‍ വേണ്ടത്. അതു പാര്‍ട്ടിക്കു പറയാനാകാത്തതുകൊണ്ടാണ് സ്വന്തം നാട്ടില്‍ നാട് വിറപ്പിക്കുന്ന സുരക്ഷാസന്നാഹങ്ങളുമായി രാജകീയ യാത്ര നടത്താമെന്നു മുഖ്യമന്ത്രിക്കു തോന്നുന്നത്.  നിസാരരായ സാമാന്യമനുഷ്യര്‍ക്കു നേരെ പൊട്ടിത്തെറിക്കാമെന്നും മോശമായി സംസാരിക്കാമെന്നും തോന്നുന്നത്. അതൊക്കെ പിണറായിയുടെ ശൈലിയെന്ന് പാര്‍ട്ടി പ്രതിരോധിച്ചുകൊള്ളുമെന്നു പിണറായിക്കു തോന്നുന്നതും പാര്‍ട്ടിക്ക് തിരുത്താനാകാത്തതുകൊണ്ടാണ്. ഭരണത്തില്‍ തിരുത്തേണ്ടതെന്താണെന്ന് പാര്‍ട്ടിക്കു മനസിലായിട്ടും ഭരണാധികാരി തിരുത്തേണ്ടതെന്തെന്ന് നിഷ്കളങ്കത നടിക്കേണ്ടി വരുന്നത് ഇതേ പിണറായി ശൈലി പാര്‍ട്ടിയെയും വിഴുങ്ങിയതുകൊണ്ടാണ്. 

സ്വയംവിമര്‍ശനത്തില്‍ കേരളത്തിലുണ്ടായ സാമൂഹ്യമാറ്റത്തെ സി.പി.എം ഗൗരവത്തോടെ തന്നെ തിരിച്ചറിയുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല. പക്ഷേ  ആരുടെ തെറ്റിദ്ധാരണയാണ് ശരിക്കും തിരുത്തേണ്ടത്?    ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റുമെന്നു തന്നെയാണ് പാര്‍ട്ടി പറയുന്നത്. പാര്‍ട്ടിയുടെയും നേതാക്കളുടെയും കൂടി തെറ്റിദ്ധാരണ മാറ്റുന്നത് നന്നായിരിക്കും. കെ.സുധാകരനെപ്പോെല നിലവിട്ടു സംസാരിക്കുന്ന KPCC അധ്യക്ഷന്‍ മുന്നിലുണ്ടായിട്ടും ജനങ്ങളുടെ ശ്രദ്ധ മാറുന്നില്ലെങ്കില്‍ ശരിയായ പ്രശ്നങ്ങള്‍ അവര്‍ തിരിച്ചറിയുന്നുവെന്നു തന്നെയാണ് അര്‍ഥം. പാര്‍ട്ടിക്കകത്തെ വിമര്‍ശനങ്ങള്‍ക്ക് പിണറായി വിജയന്‍ മറുപടി പറഞ്ഞിട്ടില്ല.  ഇടതുപക്ഷത്തിന്റെ സ്വയംവിമര്‍ശനങ്ങള്‍ മുന്നോട്ടു പോക്കില്‍ തിരുത്തലിന് അടിസ്ഥാനമാക്കാം . പിണറായി വിജയന്‍ എന്ന ഭരണാധികാരി അതിനു തയാറാകുന്നില്ലെങ്കില്‍ ആ ദൗത്യം ഏറ്റെടുക്കാനുള്ള രാഷ്ട്രീയബാധ്യത സി.പി.എമ്മിനും ഇടതുമുന്നണിക്കുമുണ്ട്.

ENGLISH SUMMARY:

Parayathe vayya on injustice towards OR Kelu