നീതി ആയോഗിന്റെ സുസ്ഥിരവികസനസൂചികയില്‍ തുടര്‍ച്ചയായ നാലാം തവണയും ഒന്നാമതാണ് കേരളം . ഒന്നാം നമ്പര്‍ കേരളം എന്ന അംഗീകാരത്തിന്റെ അവകാശവും ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ അവകാശികളേറെയുണ്ട്. ആ ഒന്നാം നമ്പര്‍ കേരളത്തില്‍ ഒരു മനുഷ്യന്‍ മാലിന്യക്കൂമ്പാരത്തില്‍ മുങ്ങി മരിക്കുന്നതെങ്ങനെയാണ്? മാലിന്യത്തിലെ മുങ്ങിമരണത്തിന് അവകാശികളുമില്ല, ഉത്തരവാദികളുമില്ല. ഇതേ ഒന്നാം നമ്പര്‍ കേരളത്തിലെ ഒന്നാമത്തെ മെഡിക്കല്‍ കോളജില്‍ ഒരു രോഗി രണ്ടു ദിവസം ലിഫ്റ്റില്‍ കുടുങ്ങി ജീവന്‍മരണാവസ്ഥയിലാകുന്നതെങ്ങനെയാണ്?
നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യസൂചികയിലാണ് കേരളം തുടര്‍ച്ചയായ നാലാം തവണയും ഒന്നാമതെത്തിയിരിക്കുന്നത്. 16 വികസനമാനദണ്ഡങ്ങളാണ് കണക്കിലെടുത്തത്. നൂറില്‍ 79 പോയന്റുള്ള കേരളം ഉത്തരാഖണ്ഡുമായി ഒന്നാം സ്ഥാനം പങ്കിട്ടു. തമിഴ്നാട് രണ്ടാമതും ഗോവ മൂന്നാമതുമെത്തി. ഏറ്റവും പിന്നിലുള്ളത് ബിഹാര്‍ ആണ്. പട്ടിണി ഇല്ലാതാക്കല്‍, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം, ഊര്‍ജം എന്നീ മാനദണ്ഡങ്ങളില്‍ കേരളം ഒന്നാമതാണ്. ഒന്നാമതെത്തിച്ച മാനദണ്ഡങ്ങള്‍ നോക്കുമ്പോള്‍ തന്നെ വ്യക്തമാണ്, ഇത് ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ഒരു ഭരണകാലം കൊണ്ടോ എത്തിച്ചേര്‍ന്ന നേട്ടങ്ങളല്ല. കാലങ്ങളായി കേരളത്തിലുണ്ടായ പുരോഗമനത്തിന്റെയും വികസനത്തിന്റെയും ഫലമാണ് തുടര്‍ച്ചയായ ഒന്നാം സ്ഥാനം. തീര്‍ച്ചയായും എട്ടരവര്‍ഷമായി കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിനും ഈ നേട്ടത്തില്‍ വലിയ ഒരു പങ്കുണ്ട്. ഈ എട്ടരവര്‍ഷമെന്ന കണക്ക് പക്ഷേ ജോയ്‍യുടെ മരണത്തിലും വലിയ ചോദ്യമാണ്. ജോയിയുടെ മരണം കേരളത്തിന്റെ ഹൃദയം തകര്‍ത്തു, തല കുനിപ്പിച്ചു. ചരിത്രത്തിലാദ്യമായി തുടര്‍ഭരണത്തിന് അവസരം ലഭിച്ച പിണറായി സര്‍ക്കാരിനും തലസ്ഥാനത്തെ മാലിന്യപ്രശ്നത്തിനു പരിഹാരം കാണാനാകുന്നില്ലേ? ജോയിയുടെ മരണത്തില്‍ റെയില്‍വേയ്ക്കു മാത്രമാണ് ഉത്തരവാദിത്തം എന്നു പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനു കഴിയുമോ?
തലസ്ഥാനനഗരത്തിന്റെ മധ്യത്തിലാണ് ഒരു ശുചീകരണത്തൊഴിലാളി നഗരമാലിന്യങ്ങള്‍ നീക്കുന്നതിനിടെ ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിമരിച്ചത്. റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്ത് റെയില്‍വെയുടെ കരാര്‍ പ്രകാരം തൊഴിലെടുക്കാനെത്തിയപ്പോഴാണ് ജോയ് ഒഴുക്കില്‍ പെട്ടതും ദാരുണമായ അന്ത്യത്തിനിരയായതും. റയില്‍വേയുടെ ഉത്തരവാദിത്തത്തിലുണ്ടായിരുന്ന സ്ഥലത്തെ മാലിന്യക്കൂമ്പാരത്തിന്റെ അവസ്ഥ തിരച്ചിലിനിടെ തന്നെ വ്യക്തമായിരുന്നു. ജോയ‍്‍യുടെ മരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം റയില്‍വേയ്ക്കുണ്ട്. സമയബന്ധിതമായി മാലിന്യം നീക്കിയില്ല, എന്നു മാത്രമല്ല, ഒരു സുരക്ഷാസംവിധാനവുമില്ലാതെ തൊഴിലാളികളെ ജോലിക്കിറക്കിവിട്ടു. എന്നിട്ടുണ്ടായ ദുരന്തവും റെയില്‍വേയുടെ കണ്ണു തുറന്നില്ല. നഷ്ടപരിഹാരം പോലും പ്രഖ്യാപിക്കാതെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞു മാറാനുള്ള റെയില്‍വേയുടെ ശ്രമം അംഗീകരിക്കാനാകില്ല. ജോയ്‍യുടെ മരണത്തില്‍ പ്രാഥമിക ഉത്തരവാദിത്തം റെയില്‍വേയ്ക്കുണ്ട്. പക്ഷേ ആമയിഴഞ്ചാന്‍ തോടിലെ മാലിന്യക്കൂമ്പാരത്തിന് മറുപടി പറയേണ്ടത് റെയില്‍വേ അല്ല. ഒരു ജീവന്‍ നഷ്ടമായപ്പോള്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. തോടിന്റെ ശുചീകരണത്തിന് സ്ഥിരം സംവിധാനത്തിനു വരെ ആ യോഗത്തില്‍ തീരുമാനമായി. അപ്പോള്‍ ഇതൊന്നും നേരത്തെ പറ്റുമായിരുന്നില്ലേ? മാലിന്യക്കൂമ്പാരം അപമാനത്തേക്കാളേറെ അപായമാണെന്ന് തിരിച്ചറിയേണ്ടതാരാണ്? മാലിന്യപ്രശ്നം ആരെയാണ് ബാധിക്കുന്നത് എന്ന ചോദ്യം തന്നെയാണ് ആരാണ് പരിഹരിക്കേണ്ടത് എന്നതിനുമുള്ള ഉത്തരം.
ആമയിഴഞ്ചാന്‍ തോട്ടിലെ മാത്രമല്ല , ജോയ്‍യുടെ മൃതദേഹം കിട്ടിയ തകരപ്പറമ്പിലെ മാലിന്യക്കൂമ്പാരവും ആദ്യം കണ്ണു തുറപ്പിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയാണ്. രാഷ്ട്രീയം മുതലെടുപ്പിനു ശ്രമിച്ചു, വിമര്‍ശിച്ചു എന്നതില്‍ വലിയ പരിഭവവുമായാണ് തദ്ദേശമന്ത്രിയും തിരുവനന്തപുരം മേയറും പ്രതിരോധം തീര്‍ത്തത്. തദ്ദേശവകുപ്പ് മന്ത്രി ഇപ്പോഴും മാലിന്യനിര്‍മാര്‍ജനത്തിലുണ്ടായ പുരോഗതിയുടെ കണക്കുകള്‍ ആവര്‍ത്തിക്കുന്നു. മാറ്റമുണ്ടായി എന്ന് മന്ത്രി പറയുന്നത് ശരിയാണ്. ബ്രഹ്മപുരം കൊച്ചിയുടെ ആകെ ശ്വാസം മുട്ടിച്ചപ്പോള്‍ കോടതിയില്‍ സര്‍ക്കാരിന് ഉത്തരം മുട്ടിയപ്പോള്‍ സര്‍ക്കാര്‍ കൊച്ചിയില്‍ ഉണര്‍ന്നു. ഇപ്പോള്‍ ആമയിഴഞ്ചാനില്‍ ജോയ്ക്കു നേരിട്ട ദുരന്തത്തിനൊടുവില്‍ തിരുവനന്തപുരത്തും സര്‍ക്കാര്‍ ഉണര്‍ന്നു, റയില്‍വേ നിസഹകരണമെന്ന പ്രതിരോധം , സര്‍ക്കാര്‍ ഉണര്‍ന്നതോടെ , സഹകരിച്ചു മുന്നോട്ടെന്ന പരിഹാരത്തിലേക്കെത്തുന്നു. മാലിന്യനിര്‍മാര്‍ജനത്തില്‍ മാറ്റമുണ്ടായിട്ടുണ്ട് എന്ന് മന്ത്രിയും സര്‍ക്കാരും വാദിക്കുന്നു. എട്ടു വര്‍ഷത്തിലേറെയായി കേരളം ഭരിക്കാന്‍ അവസരം കിട്ടിയിട്ടും മാറ്റമുണ്ടായി എന്നല്ലാതെ പരിഹരിക്കാനായി എന്നു പറയാന്‍ സര്‍ക്കാരിനു കഴിയാത്തതെന്തുകൊണ്ടാണ്? അതും സമൂഹത്തെയാകെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നത്തില്‍? ജനറേറ്റിവ് എ.ഐയുടെ സാധ്യതകളില്‍ സമ്മേളനം ചേരുന്ന സംസ്ഥാനമാണ് നമ്മുടേത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രമാണോ സര്‍ക്കാര്‍ മാലിന്യപ്രശ്നം ആദ്യപരിഗണനയായി കാണുന്നത്?
ചോദ്യങ്ങള്‍ മാലിന്യപ്രശ്നത്തില്‍ മാത്രമല്ല, ആരോഗ്യമേഖലയില്‍ ജനങ്ങള്‍ നേരിടുന്ന തീവ്രാവസ്ഥയെക്കുറിച്ചുമുണ്ട്. അസാധാരണമായ പനി വ്യാപനത്തില്‍ വലയുകയാണ് കേരളം അങ്ങോളമിങ്ങോളം. പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. നിര്‍മാര്‍ജനം ചെയ്തുവെന്ന് വിശ്വസിച്ചിരുന്ന കോളറ തിരുവനന്തപുരത്ത് വീണ്ടും വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പൊതുജലാശയങ്ങളില്‍ നിന്ന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കുഞ്ഞുങ്ങള്‍ മരിക്കുന്നു. H1N1, ഡെങ്കിപ്പനി, ചിക്കന്‍ പോക്സ്, ഹെപ്പറ്റൈറ്റിസ്, മലമ്പനി, ചെള്ളുപനി, കുരങ്ങുപനി തുടങ്ങി സകല പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഒപ്പം കോവിഡും പടര്‍ന്നു നില്‍ക്കുന്നുണ്ട്. രോഗവ്യാപനത്തിലും മാലിന്യപ്രതിസന്ധി കാരണമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് പകര്‍ച്ചവ്യാധികളിലും ഒന്നാമതെത്തുകയാണോ എന്നു പകച്ചു നില്‍ക്കുകയാണ് കേരളം. പക്ഷേ എന്താണ് സാഹചര്യമെന്ന് ഗൗരവത്തോടെ വിലയിരുത്തി ഒരു മുന്നറിയിപ്പും സര്‍ക്കാരില്‍ നിന്നില്ല. കോവിഡ് കാലത്തേക്കാള്‍ വലിയ പ്രയാസങ്ങളിലും ആശങ്കയിലുമാണ് ജനത കഴിഞ്ഞു പോകുന്നത്. ദൈനം ദിന വാര്‍ത്താസമ്മേളനങ്ങളില്ല. വാര്‍ത്താക്കുറിപ്പുകളില്ല. സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് മതിയായ മുന്നറിയിപ്പുകള്‍ പോലും ഇല്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റിലാണ് ഒരു രോഗി ഒന്നര ദിവസം അധികൃതരുടെ കണ്ണില്‍ പോലും പെടാതെ കുടുങ്ങിക്കിടന്നത്. അതേ ലിഫ്റ്റുകളാണ് വീണ്ടും വീണ്ടും തകരാറിലായി അടിയന്തരാവസ്ഥയിലുള്ള രോഗികളുടെ ജീവന്‍ വച്ച് പരീക്ഷണം നടത്തുന്നത്. ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലും ഭരണനിര്‍വഹണവും ആരോഗ്യവകുപ്പിലും അനിവാര്യമാണ്. കേരളത്തിലെ ജനങ്ങള്‍, അവരുടെ ദൈനംദിന ജീവിതാനുഭവങ്ങളില്‍ നിന്നു കൂടിയാണ് കേരളം നമ്പര്‍ വണ്‍ ആണോ എന്നു പറയേണ്ടത്. പല മേഖലകളിലും കേരളം ഒന്നാമത് എന്നു അഭിമാനത്തോടെ പറയുമ്പോഴും മാലിന്യപ്രശ്നവും ആരോഗ്യപ്രതിസന്ധിയും ഒരു നമ്പര്‍ വണ്‍ സംസ്ഥാനത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രകടനാത്മകതയ്ക്കപ്പുറം ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളില്‍ ഭരണനിര്‍വഹണം കാര്യക്ഷമമാകണം, ആധുനികമാകണം. മേനി നടിക്കുന്നതിനപ്പുറം. അവകാശവാദങ്ങള്‍ക്കപ്പുറം തിരുത്താനാകാത്ത, തിരിച്ചുപിടിക്കാനാകാത്ത വില ജീവനുണ്ടെന്ന് സര്‍ക്കാര്‍ മനസിലാക്കണം.