വയനാട് ദുരന്തം കേരളത്തിനു നല്‍കുന്ന പാഠമെന്താണ്? കേരളത്തിന്റെ ഏറ്റവും ആദ്യത്തെ പരിഗണന കാലാവസ്ഥയും ഭൂമിയുമായിരിക്കണം. ഒരു വിട്ടുവീഴ്ചയുമില്ലാതെ കേരളം ഇക്കാര്യം അംഗീകരിക്കണം. ഏത് ആധുനികയുഗമാണെങ്കിലും എത്ര വികസനസ്വപ്നങ്ങളുണ്ടെങ്കിലും ഇനി കേരളത്തിന്റെ ഒന്നാമത്തെ പരിഗണന കാലാവസ്ഥയും ദുരന്തനിവാരണവുമായിരിക്കണം. ഇക്കാര്യത്തില്‍ നമുക്കിനി തര്‍ക്കത്തിന് അവസരമില്ല. മറ്റൊരു സാധ്യതയും നമ്മുടെ മുന്നിലില്ല. അടിമുടി തകര്‍ത്തുകളയുന്ന ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, സഹജീവികളെ കൂട്ടത്തോടെ സംസ്കരിക്കേണ്ടി വരാതിരിക്കാന്‍ കേരളം എന്ന സംസ്ഥാനത്തിന്റെ ആദ്യപരിഗണന കാലാവസ്ഥയായി മാറിയേ പറ്റൂ. ഇനിയും ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നമുക്ക് നമ്മളോടു തന്നെ പൊറുക്കാനാകില്ല. അത് ആദ്യം ഭരണകൂടം തന്നെ തിരിച്ചറിയണം.
നമുക്കൊന്നും ചെയ്യാനായില്ല. നിസഹായതയോടെ നോക്കിനില്‍ക്കാനേ കേരളത്തിനു കഴിഞ്ഞുള്ളൂ. ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് ആദരവോടെ അന്ത്യയാത്രയൊരുക്കാനുള്ള അവകാശം പോലും സാധിച്ചു കൊടുക്കാന്‍ ഇപ്പോഴും നമുക്കായിട്ടില്ല. ഇനിയും നൂറിലേറെ പേര്‍ മണ്ണിനടിയിലാണ്. ദുരിതാശ്വാസത്തില്‍ ഇനി ഏതു ലോകനിലവാരത്തിലെത്തിയാലും ദുരന്തനിവാരണത്തില്‍ നമുക്കൊന്നും ചെയ്യാനായില്ല എന്ന് സ്വയം സമ്മതിച്ചാലേ തിരുത്തല്‍ സാധ്യമാകൂ.
ആര്‍ക്കും നികത്താനാകാത്ത നഷ്ടമാണ് മുണ്ടക്കൈ ദുരന്തത്തിലുണ്ടായത്. . അതിജീവിച്ചവരെ നമുക്കു പുനരധിവസിപ്പിക്കാനാകും. പക്ഷേ നഷ്ടപ്പെട്ടതെല്ലാം എന്നെന്നേക്കുമായി നഷ്ടപ്പെട്ടതാണ്. പ്രകൃതിദുരന്തങ്ങളില്‍ മനുഷ്യന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളും നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളുമുണ്ട്. ആഗോള കാലാവസ്ഥാ മാറ്റവും മഴയുടെ തീവ്രതയും എന്തായാലും നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. പ്രാദേശിമായി നിയന്ത്രിക്കാനാകാത്ത കാര്യങ്ങളും നിയന്ത്രിക്കാനാകുന്ന കാര്യങ്ങളുമുണ്ട്. മുണ്ടക്കൈ ദുരന്തം ഒഴിവാക്കാനാകുമായിരുന്നോ? നമുക്കെന്തു ചെയ്യാനാകുമായിരുന്നു? ഒന്നും ചെയ്യാനാകുമായിരുന്നില്ലേ?
ദുരന്തത്തിന്റെ കാരണം ശാസ്ത്രീയമായി അന്വേഷിക്കണം. വ്യക്തമായ ഉത്തരം കണ്ടുപിടിക്കണം. അതോടൊപ്പം തന്നെ കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുകള്‍ മാത്രം ആശ്രയിച്ചുകൊണ്ട് ദുരന്തനിവാരണം സാധ്യമല്ലെന്നും നമ്മള്‍ മനസിലാക്കണം. പ്രാദേശികമായി മുന്നറിയിപ്പുസംവിധാനങ്ങള്‍ ശക്തമാക്കണം. ജനങ്ങളുടെ പ്രായോഗികാനുഭവങ്ങളും ആശങ്കകളും കണക്കിലെടുക്കണം. കാലാവസ്ഥാമുന്നറിയിപ്പുകള്‍ കൂടുതല്‍ കൃത്യവും ആധുനികവുമാക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. അതോടൊപ്പം ഇതുവരെ ലഭിച്ച മുന്നറിയിപ്പുകളില്‍ എന്തു നടപടിയെടുത്തുവെന്ന് കേരളം സ്വയം പരിശോധിക്കണം. ഈ ഉരുള്‍പൊട്ടലിനെക്കുറിച്ച് മുന്നറിയിപ്പു ലഭിച്ചിരുന്നില്ലെന്ന് നമുക്കു പറയാം. പക്ഷേ ആ പ്രദേശത്ത് ഉരുള്‍പൊട്ടലിനുള്ള സാധ്യതയുണ്ടെന്ന എത്ര മുന്നറിയിപ്പുകള്‍ നമുക്കു മുന്നിലുണ്ടായിരുന്നു? അതില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് കേരളസര്‍ക്കാര്‍ വിലയിരുത്തണം. എന്തു നടപടി സ്വീകരിക്കാന്‍ പോകുന്നുവെന്ന് കേരളത്തോടു പറയണം. വയനാട്ടില്‍ മാത്രമല്ല, കേരളത്തിലെ 13 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. മുണ്ടക്കൈ ദുരന്തത്തിലെ പുനരധിവാസം ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണം. പക്ഷേ സമാന്തരമായി തന്നെ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യുമെന്നതും സര്‍ക്കാരിന്റെ ഒന്നാം പരിഗണനയാകണം.
ദുരിതാശ്വാസത്തില്‍ മുന്നിലാണെന്നാണ് നമ്മുടെ അവകാശവാദം. ദുരന്തനിവാരണത്തിലോ? ഇപ്പോഴും സര്‍ക്കാര്‍ സംസാരിക്കുന്നത് പുനരധിവാസത്തെക്കുറിച്ചു മാത്രമാണ്. ദുരിതാശ്വാസനിധിയിലേക്കായി സഹായം ചെയ്യണമെന്നും ആവര്‍ത്തിക്കുന്നുണ്ട്. ഇതു രണ്ടും ഏറ്റവും വേഗം നടക്കേണ്ട അനിവാര്യമായ കാര്യങ്ങളാണ്. ദുരിതാശ്വാസത്തില്‍ സര്‍ക്കാരിനെ കേരളത്തിെല ജനങ്ങള്‍ ചേര്‍ത്തു പിടിക്കുന്നതാണ് നമ്മള്‍ കാണുന്നത്. തിരിച്ചാണ് സംഭവിക്കേണ്ടതെങ്കിലും. എന്തായാലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യുമെന്നു ചോദിക്കുമ്പോള്‍ മാധവ് ഗാഡ്ഗിലിനെ കളിയാക്കിയതുകൊണ്ട് കാര്യമില്ല മുഖ്യമന്ത്രി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മാറ്റാന്‍ നമുക്കാവില്ല. മഴയുടെ തീവ്രതയിലും നമുക്കൊന്നും ചെയ്യാനാവില്ല. പക്ഷേ ചെയ്യാനാവുന്ന ചിലതുണ്ട്. ഭൂമിയുടെ വിനിയോഗം, കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം, ഫലപ്രദമായ ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍, ഇതൊക്കെ കേരളാസര്‍ക്കാര്‍ ഉറപ്പു വരുത്തേണ്ട കാര്യങ്ങളാണ്. വയനാട്ടില്‍ പൊലിഞ്ഞു പോയ മനുഷ്യരോട് നമ്മുടെ സമീപനം ആത്മാര്‍ഥമാകണമെങ്കില്‍ തീവ്രമായ മഴ കൊണ്ടു മാത്രമല്ല ഇങ്ങനെയൊരു വന്‍ദുരന്തം നേരിടേണ്ടി വന്നതെന്ന് നമ്മള്‍ സമ്മതിക്കേണ്ടതുണ്ട്. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമഗ്രമായ സമീപനം അനിവാര്യമാണ്.
പ്രളയം മുതല്‍ അവിചാരിതമായ പ്രകൃതിദുരന്തങ്ങളില്‍ നമ്മളൊന്നിച്ചു പറയാറുണ്ട്. ഇത് കേരളമാണ്, നമ്മള്‍ അതിജീവിക്കും എന്ന്. അതിജീവിക്കും എന്ന വാക്കിന്റെ കാല്‍പനികതയില്‍ സമാധാനിക്കാനാകാത്ത അത്രയും വലിയ ദുരന്തങ്ങളാണ് നമ്മള്‍ ഒന്നിനു പിന്നാലെ ഒന്നായി നേരിട്ടുകൊണ്ടിരിക്കുന്നത്. ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ സാധ്യമായതെന്തും ചെയ്യുമെന്ന ഉറപ്പാണ് വയനാട്ടിലെ ദുരന്തബാധിതര്‍ക്കു ലഭിക്കേണ്ട യഥാര്‍ഥ നീതി. അതിന് ഒരേയൊരു വഴിയേയുള്ളൂ. കാലാവസ്ഥ കേരളത്തിലെ സര്‍ക്കാരിന്റെ ഒന്നാം പരിഗണനയാകണം. പ്രകൃതിയെ തര്‍ക്കിച്ചു തോല്‍പിക്കാനും പരിഹസിച്ചു നിശബ്ദമാക്കാനും കഴിയില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. ശാസ്ത്രീയമായ സമീപനത്തിലൂടെ സമ്പൂര്‍ണ നയംമാറ്റം കൊണ്ടു വരാന്‍ പിണറായി സര്‍ക്കാരിന് കഴിയണം. കേരളം അര്‍ഹിക്കുന്ന യഥാര്‍ഥ ദുരിതാശ്വാസം അതാണ്.