ആർക്കിടെക്ച്ചര്‍ ഒരു കലയാണ്. ഈ കല രൂപാന്തരപ്പെടുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ നിർമ്മിക്കുന്ന സ്ഥലം അതിന്‍റെ ചുറ്റുപാട് , കാലാവസ്ഥ അതിലുപരി വീട്ടുകാരുടെ ആവശ്യങ്ങൾ എന്നിവയാണ്. ഈ എല്ലാ ഘടകങ്ങളും കൃത്യമായ അനുപാതത്തിൽ കൂടിച്ചേരുമ്പോഴാണ് ഒരു മികച്ച സൃഷ്ടിയുണ്ടാകുന്നത്. ഈ എല്ലാ ഘടകങ്ങളും കൂട്ടിച്ചേർക്കുമ്പോഴും ഏറ്റവും പ്രധാനപ്പെട്ട കാര്യം ഫങ്ഷണാലിറ്റി തന്നെയാണ്.
മലപ്പുറം ജില്ലയിലെ മഞ്ചേരി കാരക്കുന്നിലുള്ള കുട്ടിമുഹമ്മദിന്‍റെയും നൂർജ്ജഹാന്‍റെയും ഒയാസിസ് എന്ന വീട് ഈ വിശേഷണങ്ങൾ എല്ലാം ഒത്തുച്ചേർന്ന ഒരു നിർമിതിയാണ്. ഏകദേശം ഒരു ഏക്കർ 8 സെന്റ് ഭൂമിയിൽ 8000 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 5 മീറ്റർ വ്യത്യാസമുള്ള തട്ടുതട്ടായി നിൽക്കുന്ന ഒരു കോണ്ടൂർ പ്ലോട്ടായിരുന്നു ഇത്. ആ കോണ്ടൂറിന്‍റെ ഹൈറ്റ് ഡിഫറൻസിനെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഈ വീടിന്‍റെ ഡിസൈൻ ചെയ്തിട്ടുള്ളത്.