അറിയാവുന്ന പൊലീസാണെങ്കിൽ രണ്ടിടി കൂടുതൽ കിട്ടും എന്നൊരു വാമൊഴി വഴക്കമുണ്ട്. പോലീസുകാരന്റെ വീട് പണിയുമ്പോള്‍ ഡിസൈനർ സബീർ തിരുമല ഇത് ഓർത്തോ എന്നറിയില്ല. എന്തായാലും നിർമാണം പൂർത്തിയായപ്പോൾ ഉടമസ്ഥനും സിവിൽ പൊലീസ് ഓഫീസറുമായ സനൽകുമാർ സബീറിന് മനസ്സുകൊണ്ടൊരു സല്യൂട്ട് നൽകി. രണ്ട് സെന്റിൽ 13 ലക്ഷം രൂപയ്ക്ക് പണി തീർത്ത വീട് കണ്ടാൽ ആരും അഭിനന്ദിക്കുകയേ ഉള്ളു.
ബെഡ്റൂം, ബാത്റൂം, അടുക്കള എന്നിങ്ങനെ അടിസ്ഥാന കാര്യങ്ങൾ മാത്രം ഉൾപ്പെടുന്നൊരു വീട് മതിയെന്നായിരുന്നു ഉടമസ്ഥന്റെ ആവശ്യം. പക്ഷേ, ഉദ്ദേശിച്ച ബജറ്റിൽ തന്നെ കാര്യങ്ങൾ വിപുലമാക്കിയിട്ടുണ്ട്.
കടലോരപ്രദേശമായിരുന്നതിനാൽ അടിത്തറയ്ക്ക് കൂടുതൽ ബലം വേണ്ടിവന്നു. ഇവിടെ പണം അൽപം കൂടുതലായെങ്കിലും വീടിന്റെ ഉറപ്പിന്റെ കാര്യമായതിനാൽ അത് നഷ്ടമേ അല്ലെന്ന് വീട്ടുകാരൻ പറയുന്നു. ജിഐ പൈപ്പ്കൊണ്ടാണ് ഗെയ്റ്റ് നിർമിച്ചത്. മതിലിന്റെ തേപ്പിന് കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രം ഉപയോഗിച്ചത് ചെലവ് കുറയ്ക്കാൻ ഇടയായി. ആഞ്ഞിലിയിൽ തീർത്ത വാതിലുകളും ജനാലകളും റെഡിമെയ്ഡ് ആയി വാങ്ങുകയായിരുന്നു. ചതുരശ്രയടിക്ക് 38 രൂപ വിലവരുന്ന ടൈലുകളാണ് നിലത്ത് വിരിച്ചത്.