രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്‍റെ ലാഭത്തില്‍ വര്‍ധനവ്. അറ്റാദായം 12 ശതമാനം വര്‍ധിച്ച് 5,445 കോടി രൂപയായി. വരുമാനം 10 ശതമാനം വര്‍ധനവോടെ 26,478 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ ജൂണ്‍ പാദത്തില്‍ 4,863 കോടി രൂപയായിരുന്നു ജിയോ ഇന്‍ഫോകോമിന്‍റെ അറ്റാദായം. വരുമാനം കഴിഞ്ഞ ജൂണ്‍പാദത്തില്‍ വരുമാനം 24,042 കോടി രൂപയായിരുന്നു. 49.7 കോടി ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് ജിയോ. മൊത്തം ഉപഭോക്താക്കളുടെ എണ്ണത്തില്‍ 9.20 ശതമാനത്തിന്‍റെ വര്‍ധനവാണുള്ളത്.
ഡാറ്റ ഉപഭോഗത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി ജിയോ മാറി. ജൂണില്‍ അവസാനിച്ച പാദത്തില്‍ 45 എക്സാബൈറ്റ് (ഒരു എക്സാബൈറ്റ് 100 ജിബിക്ക് തുല്യം) ഡാറ്റയാണ് ജിയോ നെറ്റ്‍വര്‍ക്കില്‍ ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണിത്. ഇതാണ് ചൈനീസ് കമ്പനികളെ അടക്കം മറികടന്ന് ഒന്നാമതെത്താന്‍ ജിയോയെ സഹായിച്ചത്. 13 കോടി ഉപഭോക്താക്കളുമായി ചൈനയ്ക്ക് പുറത്ത് ഏറ്റവും വലിയ 5ജി ഓപ്പറേറ്ററായും ജിയോ മാറി.
ഒരു ഉപഭോക്താവില്‍ നിന്നും കമ്പനിയുണ്ടാക്കുന്ന ശരാശരി വരുമാനം (എആര്‍പിയു) 181.7 രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ 0.7 ശതമാനം മാത്രമാണ് വര്‍ധനവുള്ളത്. അതേസമയം നിരക്ക് വര്‍ധനവിന്‍റെ ഗുണം അടുത്ത പാദങ്ങളില്‍ കാണാനാകുമെന്നാണ് കമ്പനി പറയുന്നത്. ജൂണ്‍ മാസാവസാനത്തോടെ ജിയോ ടെലികോ താരിഫുകള്‍ വര്‍ധിപ്പിച്ചിരുന്നു. 13– 25 ശതമാനം വരെയായിരുന്നു വിവിധ പ്ലാനുകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ചത്. പ്രീമിയം പ്ലാനുകളിലാണ് കുത്തനെയുള്ള നിരക്ക് വർധന. 28 ദിവസ കാലാവധിയുള്ള ദിവസം 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിൻറെ നിരക്ക് 25 ശതമാനം കൂടി. 5ജി പ്ലാനുകളില്‍ കമ്പനി വലിയ വര്‍ധനവ് വരുത്തിയിരുന്നു.
പരിധിയില്ലാത്ത 5ജി സേവനത്തിനുള്ള റീചാർജ് പ്രതിദിനം 1.50 ജിബി പ്ലാനിൽ നിന്ന് 2 ജിബി പ്ലാനിലേക്ക് മാറ്റിയതോടെ 5ജി ഉപഭോക്താക്കൾ 46 ശതമാനം വർധനയാണ് നേരിടേണ്ടി വന്നത്. ആകെ നിരക്ക് വർധനയുടെ രണ്ടിരട്ടി. 239 രൂപയ്ക്കോ മുകളിലോ 28 ദിവസ കാലാവധിയുള്ള പ്രതിദിനം 1.50 ജിബി ഡാറ്റ റീച്ചാർജ് ചെയ്യുമ്പോഴാണ് നേരത്തെ ജിയോ അൺലിമിറ്റഡ് ഡാറ്റ നൽകിയിരുന്നത്. ഇത് ലഭിക്കാൻ ഇനി കുറഞ്ഞത് പ്രതിദിനം 2ജിബി ഡാറ്റയുള്ള പ്ലാൻ ഉപയോഗിക്കണം. 2ജിബി പ്ലാനിന് 349 രൂപയ്ക്കോ മുകളിലോ റീചാർജ് ചെയ്യണം.