ലോകത്തെ ആദ്യ വേദനരഹിത ശസ്ത്രക്രിയയുടെ ഒാര്‍മ പുതുക്കി വൈദ്യസമൂഹം ഇന്ന് ലോക അനസ്തേഷ്യ ദിനം ആചരിക്കുന്നു. സൂപ്പര്‍സ്പെഷ്യല്‍റ്റി ചികിത്സാമേഖല വളര്‍ന്നതോടെ രാജ്യാന്തര നിലവാരത്തിലുള്ള അനസ്തേഷ്യ മരുന്നുകളും ചികിത്സാ സംവിധാനങ്ങളും ഉപയോഗിക്കുന്ന ആശുപത്രികളുടെ എണ്ണത്തില്‍ കേരളം രാജ്യത്ത് മുന്‍നിരയില്‍ തന്നെയാണ്.
ആധുനികവൈദ്യശാസ്ത്ര ചികിത്സാരംഗത്തെ സകല കുതിച്ചുചാട്ടത്തിനും വഴിയൊരുക്കിയത് 1846 ഒക്ടോബര്‍ 16ന് മസാച്യുസെറ്റ്്സ് ജനറല്‍ ആശുപത്രിയില്‍ നടന്ന ഒരു ദന്ത ശസ്ത്രക്രിയയാണ്. അമേരിക്കന്‍ ദന്തരോഗവിദഗ്ധന്‍ ഡോ. വില്യം ടി.ജി. മോര്‍ട്ടണ്‍ ആണ് ഈതര്‍ ദ്രാവകം ഉപയോഗിച്ച് രോഗിയെ മയക്കി കിടത്തി ലോകത്തെ ആദ്യ വേദനരഹിത ശസ്ത്രക്രിയ നടത്തിയത്. ഈതറില്‍ നിന്നാരംഭിച്ച അനസ്തേഷ്യയുടെ യാത്ര ഇന്ന് രോഗിയെ ബോധം കെടുത്താതെ തന്നെ നടത്തുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയകളിലെത്തി നില്‍ക്കുന്നു.
ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചതോടെ ശസ്തക്രിയ ആവശ്യമായ രോഗികളുടെ ചികിത്സയുടെ ആദ്യഘട്ടം മുതലേ അനസ്തറ്റിസ്റ്റിന്റെ സാന്നിധ്യവും ആവശ്യമാണ്. നട്ടെല്ലിന് കുത്തിവയ്ക്കുന്ന എപ്പിഡ്യൂറല്‍ അനസ്തേഷ്യ ഹൃദയശസ്ത്രകിയയ്ക്ക് ഉള്‍പ്പെടെ ഇപ്പോള്‍ നല്‍കുന്നു. എപ്പിഡ്യൂറല്‍ അനസ്തേഷ്യയെ കുറിച്ച് ഭയം വേണ്ടെന്നും ഈ രംഗത്തെ വിദഗ്ധര്‍ അടിവരയിടുന്നു.
രാജ്യാന്തര നിലവാരത്തിലുള്ള അനസ്തേഷ്യാ മരുന്നുകളും ചികിത്സാഉപകരണങ്ങളും ലഭ്യമാക്കുന്നതില്‍ കേരളത്തിലെ ആശുപത്രികള്‍ രാജ്യത്ത് മുന്‍പന്തിയില്‍ തന്നെയാണ്.