സ്വയം ചികിൽസ പാടില്ലെന്ന് എത്ര നിർദേശിച്ചാലും അത് അനുസരിക്കാൻ മടിയുള്ളവരാണു മലയാളികൾ. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അതിനെക്കുറിച്ച് ഇന്റർനെറ്റിൽ തിരഞ്ഞ്, ചില പ്രോഗ്രാമുകളുടെ സഹായത്തോടെ രോഗം വരെ സ്വയം ‘കണ്ടുപിടിക്കുക’യാണ് ഇപ്പോൾ ചിലർ.
ഇത്തരം പ്രവണതകൾ ഏറിവരുമ്പോൾ ഡോക്ടർമാരും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഡോക്ടർ – രോഗി ബന്ധത്തിനു തന്നെ ഉലച്ചിൽ തട്ടാം.
1. സ്വയം രോഗം നിർണയിക്കുകയും ചികിൽസ തീരുമാനിക്കുകയും ചെയ്യരുത്. ഓർക്കുക, ഇന്റർനെറ്റിലെ വിവരങ്ങൾ ഒരിക്കലും പരിചയസമ്പന്നനായ ഡോക്ടർക്കു പകരമാകില്ല. ഇന്റർനെറ്റിലെ വിവരങ്ങൾ എപ്പോഴും ശരിയാകണമെന്നുമില്ല.
2. വൈദ്യശാസ്ത്രം കണക്കോ, ഫിസിക്സോ പോലെ പൊതുകൃത്യത ഉള്ള ശാസ്ത്രമല്ല. അതു വ്യക്തികൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും. ഇത്രദിവസത്തിനകം രോഗം കണ്ടെത്തണം, ഇത്രദിവസത്തിനകം മാറ്റിത്തരണം എന്നിങ്ങനെ മുൻവിധികളോടെ ഡോക്ടറെ സമീപിക്കരുത്.
3. എല്ലാ സംശയങ്ങളും ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കുക. സംശയം തുടർന്നാൽ മറ്റൊരു ഡോക്ടറുടെയും അഭിപ്രായം തേടാം.
4. രോഗിയോടും രോഗിയുടെ ബന്ധുക്കളോടും ലളിതമായ ഭാഷയിൽ എല്ലാ വിവരങ്ങളും അറിയിക്കാൻ ഡോക്ടറും സംഘവും ശ്രദ്ധിക്കണം. സമയമില്ല എന്നു പറഞ്ഞൊഴിയരുത്. ‘ആശയവിനിമയം’ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആലോചന സ്വാഗതാർഹമാണ്.