കണ്ണൂരിൽ രോഗലക്ഷണങ്ങള്‍ സംശയിച്ച യുവതിക്ക് എംപോക്സ് ഇല്ലെന്ന് സ്ഥിരീകരണം. പരിശോധനാഫലം നെഗറ്റീവാണ്. അതേസമയം യുവതിക്ക് ചിക്കന്‍ പോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ലാബിലാണ് സ്രവം പരിശോധിച്ചത്.
സെപ്റ്റംബർ ഒന്നിന് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയ മുപ്പത്തിയൊന്നുകാരിയിലാണ് രോഗലക്ഷണങ്ങള്‍ സംശയിച്ചത്. പിന്നാലെ യുവതിയും ഭര്‍ത്താവും നിരീക്ഷണത്തിലായിരുന്നു. അസുഖം പകർന്നിരിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഭർത്താവിനെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഭര്‍ത്താവില്‍ ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. യുവതിയുടെ മൂന്നു വയസ്സുള്ള കുഞ്ഞിന് സമാന രോഗ ലക്ഷണങ്ങൾ ഉണ്ടാവുകയും പിന്നീട് അത് ചിക്കൻപോക്സ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സെപ്തംബര്‍ 18ന് മലപ്പുറം ഒതായിയിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ നിന്ന് വന്ന യുവാവ് തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജിൽ ചികിത്സതേടിയത്. രോഗലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ യുവാവിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്തു എംപോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സതേടണം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എം പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വന്ന് തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗംവന്നയാളുമായോ മൃഗവുമായോയുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുക.