മുഖ്യമന്ത്രിക്കും എഡിജിപി അജിത്കുമാറിനും പി.ശശിക്കുമെതിരായ ആരോപണം ഉന്നയിച്ച് വിണ്ടും പി.വി.അന്‍വര്‍. മഞ്ചേരിയിലെ പൊതുസമ്മേളനത്തിലാണ് രൂക്ഷവിമര്‍ശവുമായി അന്‍വര്‍ വീണ്ടും രംഗത്തെത്തുന്നത്. പൂരം കലക്കലില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ 30 ദിവസത്തിനകം നടപടിയെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. 32–ാം ദിവസമായിട്ടും റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തത് എന്ത്? എ.ഡി.ജി.പിക്ക് വീഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയില്ല. എ.ഡി.ജി.പിയുടെ ഭൂമി, ഫ്ലാറ്റ് ഇടപാടുകളില്‍ കള്ളപ്പണം ഉണ്ട്. കണക്കില്‍പ്പെടാത്ത ലക്ഷക്കണക്കിന് രൂപയാണ് പണമായി നല്‍കിയത്. എ.ഡി.ജി.പിയെ സസ്പെന്‍ഡ് ചെയ്യാന്‍ തെളിവുണ്ടായിട്ടും ചെയ്യുന്നില്ലെന്നും അന്‍വര്‍ ആരോപിച്ചു. അജിത്കുമാറിനെതിരെ നടപടി ഉറപ്പുനല്‍കിയ സി.പി.ഐ എവിടെയെന്നും അന്‍വര്‍ ചോദിച്ചു. അജിത് കുമാറിനെ തൊട്ടാല്‍, ശശിയെ തൊട്ടാല്‍ എന്തുസംഭവിക്കുമെന്ന് മുഖ്യമന്ത്രിക്കറിയാം. ഡി.ജി.പി, എ.ഡി.ജിപിക്കെതിരെ റിപ്പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു മുഖ്യമന്ത്രി കണക്കുകൂട്ടിയത്.

സോഷ്യലിസ്റ്റ് നിലപാടുള്ള പാര്‍ട്ടിയാണ് ഡി.എം.കെ. ഡി.എം.കെ നേതാക്കളെ കാണുന്നതിനു പകരം ആര്‍.എസ്.എസ് നേതാക്കളെയാണോ കാണേണ്ടിയിരുന്നത്. ബി.ജെ.പിയെ നോട്ടയ്ക്ക് പുറകിലാക്കിയ നേതാവിനെയാണ് തേടിപ്പോയത്. ഇവിടെ എനിക്കൊരു അത്താണി വേണം, അതിനായാണ് പോയതാണ്. അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്‍ ഇന്നു രാവിലെ ചെന്നൈയില്‍ പോയി. തനിക്കെതിരെ പ്രസ്താവന കൊടുപ്പിക്കാനായിരുന്നു യാത്രയെന്നും അന്‍വര്‍ ആരോപിച്ചു. 

ബി.ജെ.പിക്ക് പരവതാനിവിരിച്ചത് മുഖ്യമന്ത്രി. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിച്ചത് മുഖ്യമന്ത്രി. പൂരം കലക്കല്‍ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാത്തത് അതുകൊണ്ടാണെന്നും അന്‍വര്‍ മഞ്ചേരിയില്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുമറിക്കാനാണ് സിപിഎമ്മിന്റെ ലക്ഷ്യം. ചേലക്കരയില്‍ ബിജെപി വോട്ട് വാങ്ങും. അങ്ങനെ പാര്‍ലമെന്റിലും, നിയമസഭയിലും ബിജെപിക്ക് കേരളത്തില്‍ നിന്നും സീറ്റ് നേടി കൊടുക്കനാണ് പിണറായിയുടെ ലക്ഷ്യമെന്നും അതിന് ചുക്കാന്‍ പിടിക്കുന്നത് അജിത് കുമാറാണെന്നും അന്‍വര്‍ ആരോപിച്ചു.

പൊതുസമ്മേളനത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഒഫ് കേരള എന്ന സാമൂഹിക സംഘടന പ്രഖ്യാപിച്ച് അൻവർ. എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് സംഘടന ലക്ഷ്യമിടുന്നതെന്നാണു പ്രഖ്യാപനം. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യൻ ജനാധിപത്യത്തിന് കാവലാവശ്യമാണ്. അതിനുവേണ്ടി ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും ഡിഎംകെ മുന്നോട്ടുവയ്ക്കുക. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും പൊതുസമ്മേളനത്തിൽ പ്രഖ്യാപനം.

ENGLISH SUMMARY:

PV Anwar against CM in Manjeri meeting