സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി ലീല പാലസ് ഹോട്ടലിൽ അന്വേഷണസംഘത്തിന്റെ പരിശോധന. സുനന്ദ പുഷ്കറിനെ മരിച്ചനിലയിൽ കണ്ടെത്തിയ 345ാം നമ്പർ മുറിയിലാണ്, ഫൊറൻസിക് വിദഗ്ധരുമായി ചേർന്ന് പരിശോധന നടത്തുന്നത്. അന്വേഷണസംഘത്തിന്റെ മെല്ലെപ്പോക്കിനെതിരെ ഡൽഹി ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് പരിശോധന.
പൊലീസ് സീൽ ചെയ്ത് മൂന്നുവർഷമായി പൂട്ടിയിട്ടിരിക്കുന്ന മുറി തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടൽ അധികൃതർ കോടതിയെ സമീപിച്ചിരുന്നു. പരിശോധനയുടെ റിപോർട്ട് അനുസരിച്ചായിരിക്കും മുറി തുറന്നുകൊടുക്കണോ എന്നു ഹൈക്കോടതി തീരുമാനിക്കുന്നത്. 2014 ജനുവരി പതിനാലിനാണ് സുനന്ദ പുഷ്കറിനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.