ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്വയംപ്രഖ്യാപിത ആള്‍ദൈവം രാധേ മായ്ക്ക് നവരാത്രി ഉല്‍സവത്തിനിടെ ഡല്‍ഹി പൊലീസ് സ്വീകരണം ഒരുക്കിയത് വിവാദമാകുന്നു. രാധേ മായെ സ്റ്റേഷന്‍ എസ്.എച്ച്.ഒയുടെ കസേരയില്‍ സ്വീകരിച്ചിരുത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റേഷന്‍ എസ്.എച്ച്.ഒ സഞ്ജയ് ശര്‍മയെ സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞമാസം ഇരുപത്തിയെട്ടിന് രാംലീല മൈതാനത്തിലേക്ക് ഭക്തരെ കാണാന്‍ പോകുന്നതിനിടെയാണ് രാധേ മാ, വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സഞ്ജയ് ശര്‍മ എഴുന്നേറ്റ് തന്‍റെ ഔദ്യോഗിക കസേരയില്‍ രാധേ മായെ ഇരുത്തി. തൊഴുകൈകളോടെ ചുവന്നഷാള്‍ പുതച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ഭക്തിപാരവശ്യത്തോടെ നില്‍ക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
രാധേ മാ സ്റ്റേഷനില്‍ നിന്ന് മടങ്ങുന്നതുവരെ രാധേ മാ സ്തുതികളുമായി പൊലീസുകാര്‍ എഴുന്നേറ്റുനിന്നു. ദൃശ്യങ്ങള്‍ വാര്‍ത്താചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും തരംഗമായതോടെ ഡല്‍ഹി പൊലീസ് ഉന്നതതല അന്വേഷണൡം പ്രഖ്യാപിച്ചു. പൊലീസിനെ പൊതുജനമധ്യത്തില്‍ നാണംകെടുത്തിയ സ്റ്റേഷന്‍ എസ്.എച്ച്.ഒ സഞ്ജയ് ശര്‍മയെ മണിക്കൂറുകള്‍ക്കം സസ്പെന്‍ഡ് ചെയ്തു.
കടുംവര്‍ണത്തിലുളള വസ്ത്രങ്ങള്‍ മാത്രം ധരിക്കുന്ന രാധേ മാ, കൈകളില്‍ തൃശൂലവും പൂവും പിടിച്ചാണ് ഭക്തരെ അനുഗ്രഹിക്കാനെത്തുന്നത്. ഗാര്‍ഹികപീഡനം, ബോളിവുഡ് നടിയെ ആക്രമിച്ചത് തുടങ്ങി ഒട്ടേറെ കേസുകളാണ് രാധേ മായ്ക്കെതിരെ രാജ്യത്തെ പലഭാഗങ്ങളിലായി ഉളളത്.