കേരളത്തിലും തമിഴ്നാട്ടിലും ഐ.എസ് ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയില്‍ പിടിയിലായ കണ്ണൂര്‍ സ്വദേശി ഷാജഹാനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. ദക്ഷിണേന്ത്യയിലെ സംഘ പരിവാര്‍ നേതാക്കളെയായിരുന്നു ലക്ഷ്യമിട്ടതെന്നും പൊലീസ് വ്യക്തമാക്കി. നിര്‍ണായക വെളിപ്പെടുത്തലിനെതുടര്‍ന്ന് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചു.
കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് കണ്ണൂര്‍ സ്വദേശി ഷാജഹാനെ , അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ യുടെ സഹായത്തോടെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തത്. ഐ.എസ് ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ രഹസ്യകേന്ദ്രത്തിലേക്ക് ഷാജഹാനെ മാറ്റി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാജഹാന്‍റെ നിര്‍ണായക വെളിപ്പെടുത്തല്‍. കേരളത്തിലെയും തമിഴ്നാട്ടിലെയും ആര്‍എസ്എസ് ബി.െജ.പി നേതാക്കളെ ലക്ഷ്യമിട്ട് വന്‍ ഭീകരാക്രമണങ്ങള്‍ ഐ.എസ് ആസൂത്രണം ചെയ്തിരുന്നു.
തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്കുള്ള ഷാജഹാന്‍റെ യാത്രയില്‍ ഐ.എസ് നേതാക്കളില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞത്. എന്നാല്‍ തുര്‍ക്കി പൊലീസിന്‍റെ പിടിയിലായതോടെ പിന്നീടുള്ള നീക്കങ്ങളൊന്നും അറിഞ്ഞില്ലെന്നും ഷാജഹാന്‍ വ്യക്തമാക്കി. ഇതിനിടെ ചെന്നൈയില്‍ നടത്തിയ പരിശോധനയില്‍ ഷാജഹാന് വ്യാജപാസ്പോര്‍ട്ട് നിര്‍മിച്ചു നല്‍കിയ ട്രാവല്‍ ഏജന്‍റ് മുസ്തഫയെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാജപാസ്പോര്‍ട്ട് നല്‍കി നിരവധിപേരെ മുസ്തഫ , സിറിയയിലേക്ക് കടത്തിയതായും റിപ്പോര്‍ട്ടുണ്ട്. മുസ്തഫയെ സഹായിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെയും അറസ്റ്റു ചെയ്തു.