ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍നിന്നും വീണ്ടും ദുരന്തവാര്‍ത്ത. സുന്ദര്‍ലാല്‍ ആശുപത്രിയില്‍ ജൂണില്‍ 14 രോഗികള്‍ മരിച്ചത് അനസ്തീസിയക്കു പകരം വിഷവാതകം നല്‍കിയതാണെന്ന് കണ്ടെത്തല്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലാണ് സുന്ദര്‍ലാല്‍ ആശുപത്രി.
ബനാറസ് ഹിന്ദു സർവകലാശാലയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ആശുപത്രിയാണ് സുന്ദര്‍ലാല്‍. ജൂൺ ആറിനും എട്ടിനും ഇടയിലാണ് 14 രോഗികൾ മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂണ്‍ 14ന് പൊലീസിന് ലഭിച്ച പരാതിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകം അറിയാന്‍ കാരണം. അലഹബാദ് സ്വദേശി മെഹ്‍രാജ് അഹമ്മദ് ലങ്കയായിരുന്നു പരാതിക്കാരന്‍. വിഷയം വിവാദമായതോടെ അലഹബാദ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ അനസ്തീസിയ മരുന്നിനുപകരം ചിരിവാതകം എന്ന് അറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് ആണ് ഡോക്ടർമാർ ഉപയോഗിച്ചതെന്ന് കണ്ടെത്തി.
അലഹാബാദ് കേന്ദ്രീകരിച്ചുള്ള പരേഹത് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എന്ന കമ്പനിയാണ് ആശുപത്രിയിലേക്കു നൈട്രസ് ഓക്സൈഡ് വിതരണം ചെയ്തത്. ബി.ജെ.പി പ്രാദേശിക നേതാവിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് വാതകം നിർമിക്കാനോ വിൽക്കാനോ അനുമതിയില്ലെന്നും കണ്ടെത്തി. എന്നാല്‍ ആര്‍ക്കെതിരെയും ഇതുവരെ നടപടി എടുത്തിട്ടില്ല. ചിരിവാതകം മയക്കത്തിനും വേദനസംഹാരിയായും വൈദ്യരംഗത്ത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ അമിത ഉപയോഗം മരണത്തിന് കാരണമാകും.