ഉത്തര്‍പ്രദേശിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ് മഹലിനെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. ഹിന്ദുത്വവുമായി ബന്ധമില്ലാത്ത സ്ഥലങ്ങളെ ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയ ലഘുലേഖയിലാണ് താജ്്മഹലിനെ ഒഴിവാക്കിയിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ വരുന്ന സഞ്ചാരികള്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ നിന്നാണ് ലോകാത്ഭുതമായ താജ്മഹലിനെ സര്‍ക്കാര്‍ ഒഴിവാക്കിയത്. ടൂറിസം മന്ത്രി റിതാ ബഹുഗുണ പുറത്തിറക്കിയ ലഘുലേഖയില്‍ യോഗി ആദിത്യനാഥ് പ്രധാനപുരോഹിതനായ ഗോരഖ്പൂരിലെ ക്ഷേത്രം സഹിതം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ്, എസ്.പി, സി.പിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തുവന്നു. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമാണ് നീക്കമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. സംഭവം വിവദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തി. താജ്്മഹല്‍ ഇന്ത്യയുടെ പൈതൃകത്തിന്‍റെ ഭാഗമാണെന്നും എല്ലാ പരിഗണനയും നല്‍കുന്നുണ്ടെന്നും ടൂറിസം മന്ത്രി റിതാ ബഹുഗുണ ജോഷി വ്യക്തമാക്കി.
എന്നാല്‍, താജ്്മഹല്‍ വിവാദസ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും ശിവക്ഷേത്രം നിന്നിടത്താണ് താജ്്മഹല്‍ നിര്‍മിച്ചതെന്നുമായിരുന്നു യു.പിയിലെ ബി.ജെ.പിയുടെ ഔദ്യോഗികവക്താവ് അനില സിങ്ങിന്‍റെ പ്രതികരണം. യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ താജ്മഹലിന്‍റെ സംരക്ഷണത്തിന് പണം അനുവദിക്കാതിരുന്നതും നേരത്തേ വിവാദമായിരുന്നു. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പ്രതിരൂപമല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. വര്‍ഷം 60 ലക്ഷം സഞ്ചാരികളാണ് താജ്മഹല്‍ സന്ദര്‍ശിക്കുന്നത്.