തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ ക്ഷേത്രങ്ങളില്‍ അബ്രാഹ്മണരെ പൂജാരിമാരായി നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് നടന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നുവെന്നും പെരിയോറിന്‍റെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ദലിത് വിഭാഗത്തിൽ നിന്ന് ശാന്തിക്കാരനായി ആദ്യ നിയമനം ലഭിച്ച യദുകൃഷ്ണൻ ചുമതലയേറ്റു.
തിരുവല്ല വളഞ്ഞവട്ടം മണപ്പുറം ശിവക്ഷേത്രത്തിലാണ് തൃശൂർ കൊരട്ടി സ്വദേശിയായ യദുകൃഷ്ണൻ ചുമതലയേറ്റത്. വടക്കൻ പറവൂർ മൂത്തകുന്നം ശ്രീഗുരുദേവ വൈദിക തന്ത്ര വിദ്യാപീoത്തിലെ വിദ്യാർഥി കൂടിയാണ് 22 കാരനായ യദുകൃഷ്ണൻ. ദലിത് വിഭാഗത്തിൽപ്പെട്ട 6 പേരുൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെയാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമിച്ചത്.
പട്ടികയിൽ ദലിത് വിഭാഗത്തിൽ ആദ്യ സ്ഥാനക്കാരനായത് യദുകൃഷ്ണനായിരുന്നു. യദുകൃഷ്ണന്റെ സഹപാഠിയും ദലിത് വിഭാഗക്കാരനുമായ മനോജ് കഴിഞ്ഞ ദിവസം പെരുമ്പാവൂർ അറക്കപ്പടി ശിവക്ഷേത്രത്തിൽ ശാന്തിക്കാരനായി ചുമതലയേറ്റിരുന്നു .