മുംബൈയിലെ ലോക്കൽട്രെയിൻ സ്റ്റേഷനിലുണ്ടായ അപകടത്തിൽ, കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശിവസേന. രാജ്യത്ത് ബുള്ളറ്റ്ട്രെയിനുകൾ ഓടിക്കാൻ തിടുക്കപ്പെടുന്ന മോദിസർക്കാർ, സാധാരണക്കാരുടെ ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പാർട്ടിമുഖപത്രമായ സാമ്ന കുറ്റപ്പെടുത്തി. അതേസമയം, മുബൈയിലെ സബർബൻ സ്റ്റേഷനുകളിലെ പോരായ്മകൾ ചർച്ചചെയ്യുന്നതിനായി റയിൽവേമന്ത്രി പീയുഷ് ഗോയൽ അടിയന്തരയോഗം വിളിച്ചു.
റയിൽവേയിൽ കോടികൾ ചെലവാക്കി വൻപദ്ധതികൾ നടപ്പാക്കുന്നതിനേക്കാൾ, അടിസ്ഥാനവികസനം വർധിപ്പിക്കുകയാണ് ആവശ്യമെന്ന് മുംബൈഅപകടം കാട്ടിത്തരുന്നതായി ശിവസേനപറയുന്നു. സാധാരണക്കാർക്ക് ബുള്ളറ്റ് ട്രെയിനുകളല്ല ആവശ്യം. മികച്ചസുരക്ഷയും, സൗകര്യവുമാണ്. അതിലാകണം കേന്ദ്രംഭരിക്കുന്നവർ ശ്രദ്ധചെലുത്തേണ്ടത്. പാർട്ടിമുഖപത്രമായ സാമ്നയിലാണ് സേനയുടെ വിമർശനം. അതേസമയം, 22പേർ മരിക്കാനിടയായ സംഭവം റയിൽവേയുടെ അലംഭാവംമൂലമെന്ന് മഹാരാഷ്ട്ര നവനിർമാണ സേനയും ആരോപിച്ചു. രാജ്യത്ത് ആളുകളെ കൊല്ലുന്ന പ്രസ്ഥാനമായി റയൽവേ മാറിയെന്നും, അടസ്ഥാനസൗകര്യം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം അഞ്ചിന് വെസ്റ്റേൺ റയിൽവേയുടെ മുംബൈ ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തുമെന്നും എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു
മുംബൈയിലെ സബർബൻ ട്രയിൻ സർവീസുകളുടെ പോരായ്മകൾ ചർച്ചചെയ്യാൻ റയിൽവേമന്ത്രി പീയുഷ് ഗോയൽ അടിയന്തരയോഗം വിളിച്ചു. അതിനിടെ, എൽഫിൻസ്റ്റോൺ സ്റ്റേഷനിലെ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു