കേരളത്തിന്റെ റയിൽവേ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ റയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയും മുഖ്യമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പുതിയ ഇരട്ടപ്പാതയാണ് സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന പ്രധാന പദ്ധതി. പുതിയ ജനശതാബ്ദി ട്രെയിനും പ്രഖ്യാപിച്ച പദ്ധതികളുടെ വേഗത്തിലുള്ള പൂർത്തീകരണവും സംസ്ഥാനം ആവശ്യപ്പെടും.
മുപ്പതിനായിരം കോടി രൂപയുടെ പുതിയ റെയിൽ വികസന സ്വപ്നങ്ങളാണ് സംസ്ഥാനം മുന്നോട്ടു വയ്ക്കുന്നത്. റയിൽവേ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനിയുടെ മുമ്പിൽ മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും പദ്ധതികൾ അവതരിപ്പിക്കും. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള പുതിയ ഇരട്ടപ്പാതയാണ് പ്രധാനപദ്ധതി. 575 കിലോമീറ്റർ വരുന്ന ഇരട്ടപ്പാത പദ്ധതിയ്ക്ക് 16000 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.
വളവുകളും കയറ്റിറക്കങ്ങളും കുറച്ച് അർധ അതിവേഗപാത നിർമിക്കാനുള്ള സാധ്യതയും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കും. നേരത്തെ കേരളം മുന്നോട്ടുവച്ചിരുന്ന അതിവേഗ റെയിൽപ്പാത പ്രായോഗികമല്ലെന്ന വിലയിരുത്തലിനെത്തുടർന്നാണ് അർധ അതിവേഗപാതയുടെ സാധ്യത ചർച്ച ചെയ്യുന്നത്.
പുതിയ ജനശതാബ്ദി ട്രെയിൻ ഉൾപ്പെടെയുള്ള ആവശ്യങ്ങളും കേരളം മുന്നോട്ടുവയ്ക്കും. തിരുവനന്തപുരം-ചെങ്ങന്നൂർ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് പദ്ധതി, തലശേരി-മൈസൂരു പാത എന്നിവയുടെ കാര്യത്തിലും അന്തിമതീരുമാനമുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ശബരി റെയിൽപ്പാത, തിരുനാവായ-ഗുരുവായൂർ പാത എന്നിവയുടെ നിർമാണം തുടങ്ങൽ, പാത ഇരട്ടിപ്പിക്കൽ വേഗത്തിലാക്കൽ തുടങ്ങിയ ആവശ്യങ്ങളും സംസ്ഥാനം ചർച്ചയിൽ ഉന്നയിക്കും.