ബ്രോഡ്ബാൻഡ് പ്ലാനുകളുടെ വേഗമുയർത്താൻ ബിഎസ്എൻഎൽ. നിലവിൽ രണ്ട് എംബിപിഎസ് വേഗത്തിൽ നൽകുന്ന പ്ലാനുകളുടെ വേഗം എട്ട് എംബിപിഎസിലേക്കും ആറ്, എട്ട് എംബിപിഎസ് വേഗത്തിലുള്ള പ്ലാനുകൾ 10 എംബിപിഎസിലേക്കുമാണ് ഉയർത്തുന്നത്. നവംബർ ഒന്നു മുതലാണു പുതിയ വേഗത്തിലേക്ക് ബ്രോഡ്ബാൻഡ് കണക്ഷനുകൾ ഉയർത്താൻ ബിഎസ്എൻഎൽ കേന്ദ്ര ഓഫീസ് വിവിധ സർക്കിളുകൾക്കു നിർദേശം നൽകിയിരിക്കുന്നത്. പ്ലാനുകളുടെ തുകയിൽ വർധനയില്ലാതെയാണു വേഗം കൂട്ടുന്നത്.
നിലവിലെ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് 249 രൂപ പ്ലാനിൽ അഞ്ച് എംബി വരെ രണ്ട് എംബിപിഎസ് വേഗം ലഭിക്കുന്നത് എട്ട് എംബിപിഎസായി ഉയരും. അഞ്ച് എംബിക്കു ശേഷം ഒരു എംബിപിഎസാണു വേഗം. രണ്ട് എംബിപിഎസ് പരമാവധി വേഗം നിലവിൽ ലഭിക്കുന്ന കോംബോ 499, 545, റൂറൽ കോംബോ 650 തുടങ്ങിയ പ്ലാനുകളും രണ്ടിൽ നിന്ന് എട്ടു എംബിപിഎസ് വേഗത്തിലേക്ക് ഉയർത്തും. ഇവയുടെ എല്ലാം മിനിമം ഡേറ്റാ പരിധി കഴിഞ്ഞാൽ ഒരു എംബിപിഎസ് വേഗമാകും ലഭിക്കുക.
ആറ്, എട്ട് എംബിപിഎസ് സ്പീഡ് ലഭിച്ചു വന്നിരുന്ന പ്ലാനുകളെല്ലാം 10 എംബിപിഎസിലേക്ക് ഉയർത്തും. ഡേറ്റാപരിധി കഴിഞ്ഞാൽ ഇവയുടെ വേഗം രണ്ട് എംബിപിഎസായി കുറയും. കോംബോ 675, കോംബോ 725, കോംബോ 749 എന്നിവയുടെ വിവിധ പ്ലാനുകളിൽ ഇപ്പോൾ ലഭിക്കുന്ന നാല് എംബിപിഎസ് വേഗവും 10ലേക്ക് ഉയരും.