രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ ജിയോ ഉൾപ്പടെയുള്ള സ്വകാര്യ കമ്പനികളോടു മൽസരിക്കാൻ തന്നെയാണ് പദ്ധതി. ഇതിന്റെ ഭാഗമായി വൻ പദ്ധതികളും ഓഫറുകളുമാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൈക്രോമാക്സുമായി ചേർന്ന് 2,200 രൂപയുടെ 4ജി ഫീച്ചർ ഫോണും ബിഎസ്എൻഎൽ അവതരിപ്പിക്കും. ഇതോടൊപ്പം കേവലം 97 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ, ഡേറ്റ സർവീസ് നൽകുമെന്നും ബിഎസ്എൻഎൽ അറിയിച്ചു കഴിഞ്ഞു.
ദേശ് കാ 4ജി ഫോൺ എന്ന പേരിൽ പുറത്തിറങ്ങുന്ന ഫോൺ വെള്ളിയാഴ്ച മുതൽ വിപണിയിൽ ലഭ്യമാകും. റീട്ടെയിൽ സ്റ്റോറുകൾ വഴിയാണ് വിൽപന. ക്വാൽകം സ്നാപ്ഡ്രാഗൻ ചിപ്സെറ്റ്, 4ജി VoLTE, രണ്ടു മെഗാപിക്സൽ ക്യാമറ, മുന്നിൽ വിജിഎ ഷൂട്ടർ, 2000 എംഎഎച്ച് ബാറ്ററി, ഇരട്ട സിം, 22 ഭാഷകളുടെ സേവനം എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 100 ലൈവ് ടിവി ചാനലുകളും ഇതു വഴി ലഭിക്കും.
നിലവിലുള്ളതും വരാനിരിക്കുന്നതുമായി എല്ലാ ഓഫറുകളും പദ്ധതികളും കേരളത്തിലായിരിക്കും ആദ്യം പരീക്ഷിക്കുക എന്ന് ബിഎസ്എൻഎൽ വക്താവ് നേരത്തെ അറിയിച്ചിരുന്നു. ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ വരിക്കാരുള്ള, വരുമാനം ലഭിച്ചുക്കൊണ്ടിരിക്കുന്ന സര്‍ക്കിളാണ് കേരളം. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎൽ വൻ നേട്ടമാണ് കൈവരിച്ചത്.
ജിയോ, എയർടെൽ നെറ്റ്‍വർക്കുകൾക്കൊപ്പം മൽസരിക്കാൻ ബിഎസ്എൻഎല്ലും 4ജിയും പരീക്ഷിക്കാൻ പോകുകയാണ്. കേരളത്തിലും ഒഡീഷയിലുമാണ് ആദ്യമായി 4ജി പരീക്ഷിക്കുക. ഇതോടൊപ്പമാണ് 4ജി ഫോണും അവതരിപ്പിക്കുക. രണ്ടു മാസത്തിനകം 4ജി വരുമെന്നാണ് അറിയുന്നത്. ബിഎസ്എൻഎല്ലിന് ഏറ്റവും സ്വാധീനമുള്ള സര്‍ക്കിളാണ് കേരളം. 4ജി നെറ്റ്‌വർക്ക് ലഭ്യമാക്കാനായി 2100 മെഗാ ഹെർട്സിന്റെ സ്പെക്ട്രം സജ്ജമായി കഴിഞ്ഞു.