രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎൽ സ്വകാര്യ കമ്പനികളോടു മൽസരിക്കാൻ തന്നെയാണ് പദ്ധതി. ഇതിന്റെ ഭാഗമായി വൻ പദ്ധതികളും ഓഫറുകളുമാണ് ബിഎസ്എൻഎൽ മുന്നോട്ടുവെയ്ക്കുന്നത്. റിലയൻസ് ജിയോയെ നേരിടാൻ ലക്ഷ്യമിട്ടുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോൾ, ഡേറ്റ സർവീസ് നൽകി വരിക്കാരെ സ്വന്തമാക്കാനാണ് പദ്ധതി.
പദ്ധതികൾക്ക് തുടക്കം കേരളത്തിൽ
നിലവിലുള്ളതും വരാനിരിക്കുന്നതുമായി എല്ലാ ഓഫറുകളും പദ്ധതികളും കേരളത്തിലായിരിക്കും ആദ്യം പരീക്ഷിക്കുക എന്ന് ബിഎസ്എൻഎൽ വക്താവ് അറിയിച്ചു. ബിഎസ്എൻഎല്ലിന് ഏറ്റവും കൂടുതൽ വരിക്കാരുള്ള, വരുമാനം ലഭിച്ചുക്കൊണ്ടിരിക്കുന്ന സര്‍ക്കിളാണ് കേരളം. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലെ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ബിഎസ്എൻഎൽ വൻ നേട്ടമാണ് കൈവരിച്ചത്.
ഭാരത് 1 – 4ജി ഫീച്ചർ ഫോൺ
ജിയോയും എയർടെലും 4ജി ഫോൺ പ്ലാൻ അവതരിപ്പിച്ചതോടെ വരിക്കാരെ പിടിക്കാൻ ബിഎസ്എൻഎല്ലും 4ജി ഫീച്ചർ ഫോൺ അവതരിപ്പിക്കാൻ പോകുകയാണ്. മൈക്രോമാക്സിന്റെ സഹായത്തോടെയാണ് 4ജി ഫോൺ അവതരിപ്പിക്കുക. 1500 രൂപയുടെ ജിയോ ഫോണിന് സമാനമായി 2200 രൂപയുടെ ഹാൻഡ്സെറ്റാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ജിയോയെ നേരിടാൻ ഈ ഫോണിന് സാധിക്കുമെന്ന് തന്നെയാണ് ടെക് വിദഗ്ധർ പറയുന്നത്.
4ജി ആദ്യം കേരളത്തിലും ഒഡീഷയിലും
ജിയോ, എയർടെൽ നെറ്റ്‍വർക്കുകൾക്കൊപ്പം മൽസരിക്കാൻ ബിഎസ്എൻഎല്ലും 4ജി പരീക്ഷിക്കാൻ പോകുകയാണ്. കേരളത്തിലും ഒഡീഷയിലുമാണ് ആദ്യമായി 4ജി പരീക്ഷിക്കുക. ഇതോടൊപ്പമാണ് 4ജി ഫോണും അവതരിപ്പിക്കുക. രണ്ടു മാസത്തിനകം 4ജി വരുമെന്നാണ് അറിയുന്നത്. ബിഎസ്എൻഎല്ലിന് ഏറ്റവും സ്വാധീനമുള്ള സര്‍ക്കിളാണ് കേരളം. 4ജി നെറ്റ്‌വർക്ക് ലഭ്യമാക്കാനായി 2100 മെഗാ ഹെർട്സിന്റെ സ്പെക്ട്രം സജ്ജമായി കഴിഞ്ഞു.
97 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ
4ജി വരുന്നതിനോടൊപ്പം കേവലം 97 രൂപയ്ക്ക് എല്ലാ നെറ്റ്‍വർക്കിലേക്കും കോൾ ചെയ്യാവുന്ന പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. ജിയോയിൽ ഒരു മാസത്തെ അൺലിമിറ്റഡ് കോളിന് 150 രൂപയാണ് ഈടാക്കുന്നത്. ഇതിനു പുറമെ കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് ഡേറ്റാ പ്ലാനുകളും അവതരിപ്പിക്കും.