രാജ്യത്തെ ടെലികോം വിപണിയിൽ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കുതിക്കുകയാണ്. വൻ ഓഫറുകൾ നൽകി വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോ വിജയിച്ചു കഴിഞ്ഞു. ട്രായിയുടെ ജൂലൈ മാസത്തെ കണക്കുകൾ പ്രകാരം ജിയോ ഏകദേശം 51 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ജൂലൈ മാസത്തിൽ ഏറ്റവും കൂടുതൽ വരിക്കാരെ സ്വന്തമാക്കിയതും ജിയോ തന്നെ.
അതേസമയം, ജൂലൈയിൽ രാജ്യത്തെ ടെലികോം വരിക്കാരുടെ മൊത്തം എണ്ണം 1.3 ലക്ഷം കുറഞ്ഞ് 121.07 കോടിയായി താഴ്ന്നു. ജൂലൈ മാസത്തിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ മാത്രമാണ് നേട്ടം കൈവരിച്ചത്. ഐഡിയ സെല്ലുലാർ, വൊഡാഫോൺ അടക്കമുള്ള എട്ട് ഓപ്പറേറ്റർമാർ നഷ്ടമാണ് നേരിട്ടത്. രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണവും കുറഞ്ഞു. ജൂലൈയിലെ കണക്കുകൾ പ്രകാരം 118.67 കോടി പേരാണ് മൊബൈൽ വരിക്കാർ. ലാൻഡ് ലൈൻ വരിക്കാരുടെ എണ്ണം 2.39 കോടിയാണ്. ജൂണിൽ ഇത് 2.4 കോടിയായിരുന്നു. ജൂലൈയിൽ ഭാരതി എയർടെൽ 6 ലക്ഷം പുതിയ ഉപഭോക്താക്കളെയും ബിഎസ്എൻഎൽ 3.91 ലക്ഷം പേരെയും പുതുതായി ചേർത്തു. രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികൾക്ക് ജിയോ വൻ വെല്ലുവിളി തന്നെയാണ്.
ജൂലൈയിൽ ഐഡിയയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. 23 ലക്ഷം ഉപഭോക്താക്കളെയാണ് ഐഡിയക്ക് നഷ്ടപ്പെട്ടത്. വോഡാഫോൺ 13.89 ലക്ഷം, എയർസെൽ (3.91 ലക്ഷം), ടെലിനോർ 2.75 ലക്ഷം, എംടിഎൻഎൽ 4,706 വരിക്കാരെയാണ് നഷ്ടപ്പെട്ടത്. 2016 സെപ്തംബറിൽ ആരംഭിച്ച റിലയൻസ് ജിയോയുടെ സൗജന്യ സേവനങ്ങൾ നൽകി 170 ദിവസം കൊണ്ട് പത്ത് കോടി വരിക്കാരെ സ്വന്തമാക്കിയിരുന്നു. ജിയോയുടെ വരവ് മറ്റു ടെലികോം കമ്പനികൾക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.