ഈ ഓണക്കാലത്ത് പ്രവാസികൾക്ക് ഏറ്റവും കൂടുതല്‍ വിഷരഹിത പച്ചക്കറികൾ എത്തിച്ചു നൽകിയത് ഒരു സ്റ്റാർട്ടപ്പ് സംരംഭം. കർഷകരെയും ഉപഭോക്താക്കളെയും നേരിട്ട് ബന്ധപ്പെടുത്തിയാണ് ഫാം ചിംപ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ പ്രവർത്തനം.
വിഷമില്ലാത്ത നല്ല ഭക്ഷണം, കർഷകനും ഉപഭോക്താവും തമ്മിൽ നേരിട്ടുള്ള ബന്ധം, കർഷകന് ന്യായമായ വില. ലളിതവും എന്നാൽ പ്രാധാന്യമുള്ളതുമായ ഈ മൂന്ന് ആശയങ്ങളുടെ കൂടിച്ചേരലാണ് ഫാം ചിംപ് എന്ന സ്റ്റാർട്ടപ്പ്. കേരളത്തിലെ കർഷകരിൽ നിന്ന് ജൈവ ഉൽപന്നങ്ങൾ സംഭരിച്ച് പ്രവാസികൾക്ക് എത്തിച്ച് നൽകുകയാണ് ഫാം ചിംപ് ചെയ്യുന്നത്. തൃശൂർ ചാവക്കാട് സ്വദേശി കബീറിൻറെ മനസിൽ വിരിഞ്ഞതാണ് ഫാം ചിംപ് എന്ന ആശയം.
കർഷകനെയും ഉപഭോക്താവിനെയും തമ്മിൽ നേരിട്ട് ബന്ധിപ്പിച്ചാണ് ഫാം ചിംപ് പ്രവർത്തിക്കുന്നത്. ഫാം ചിംപുമായി കരാർ ഒപ്പിട്ടിരിക്കുന്ന ഓരോ കർഷകൻറെയും വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്. ഏതു കർഷകൻ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ വാങ്ങണം എന്ന് ഉപഭോക്താവിന് നിശ്ചയിക്കാം. കൃഷിരീതിയെ കുറിച്ചും മറ്റും നേരിട്ട് കർഷകനോട് ചോദിച്ച് മനസിലാക്കുകയും ചെയ്യാം. ഫാം ചിംപ് വെബ്സൈറ്റ് വഴി ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ മൂന്നാഴ്ച കൊണ്ട് നിങ്ങളുടെ വീട്ടിലെത്തും.
കർഷകർക്കും ഏറെ പ്രയോജനകരമാണ് ഈ വേദി. ഉപഭോക്താവിൻറെ ആവശ്യം മനസിലാക്കി കൃഷി ഒരുക്കാം എന്നതിനൊപ്പം ന്യായവില ലഭിക്കുകയും ചെയ്യുന്നു. ഇതിനു പുറമേ ആഗോളവിപണ എന്ന സാധ്യതയും കർഷകനു മുന്നിൽ തുറക്കുന്നു.
കർഷകൻ ഒരുഘട്ടത്തിൽ പോലും ഒരു തരത്തിലുള്ള കീടനാശിനികളും ഉപയോഗിക്കാത്ത ഉൽപന്നങ്ങളാണ് ഫാം ചിംപ് വഴി വിതരണം ചെയ്യുന്നത്. ഉൽപന്നങ്ങൾ കൂടുതൽ ദിവസം കേടുകൂടാതെ ഇരിക്കുന്നതിന് ഫ്യൂമിഗേഷൻ പോലുള്ള രീതികളും ഇവർ സ്വീകരിക്കുന്നില്ല.
ലാഭത്തേക്കാൾ ജൈവ ഭക്ഷണമെന്ന സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കുകയാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. കബീറിനൊപ്പം ഈ യാത്രയിൽ പത്നി ഷെമിയും ഒരുപിടി നല്ല സുഹൃത്തുക്കളും അണിചേർന്നു കഴിഞ്ഞു