റിലയൻസ് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ 4ജി ഫീച്ചർ ഫോൺ പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ. ചില ദേശീയ മാധ്യമങ്ങളിലാണ് തകർന്ന ഫോണിന്റെ സ്ക്രീൻ ഷോട്ട് സഹിതം റിപ്പോർട്ട് വന്നിരിക്കുന്നത്. ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ചെന്നാണ് ആരോപിക്കുന്നത്. എന്നാൽ ഉപയോക്താവ് മനഃപൂർവ്വം ഹാൻഡ്സെറ്റ് നശിപ്പിച്ചതാണെന്നാണ് കമ്പനിയുടെ വാദം.
സംഭവം അന്വേഷിക്കാൻ ഉത്തവിട്ടിട്ടുണ്ടെന്ന് കമ്പനി വക്താവ് അറിയിച്ചു. തകർന്ന ഫോണിന്റെ ചിത്രങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത് ട്വിറ്ററിലാണ്. എന്നാൽ ആ ചിത്രങ്ങൾ പിന്നീട് നീക്കം ചെയ്തു. ജിയോ ഫോൺ ബുക്കിങ് 60 ലക്ഷം കടന്ന് റെക്കോർഡ് നേട്ടത്തിലെത്തിയിരുന്നു. തുടർന്ന് രണ്ടാം റൗണ്ട് ബുക്കിങ് തുടങ്ങുന്നതിനിടെയാണ് പൊട്ടിത്തെറി ആരോപണം വന്നിരിക്കുന്നത്.
കശ്മീരിലാണ് സംഭവം. ഫോണിന്റെ പിൻഭാഗമാണ് കത്തിയിരിക്കുന്നത്. മുൻഭാഗത്തിന് കാര്യമായ പ്രശ്നങ്ങളില്ല. ബാറ്ററിയുടെ പ്രശ്നമാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് ആരോപിക്കുന്നത്.