ടെലികോം മേഖലയിലെ സമവാക്യങ്ങളെ ആകെ പിടിച്ചുലച്ച കൊടുക്കാറ്റായിരുന്നു ജിയോ. ഫോൺകോളുകളും ഇന്റർനെറ്റും തീർത്തും സൗജന്യമായി നൽകിയെന്നുളളത് വിപ്ലവകരമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യത്തിൽ വരെ കോടികളുടെ ലാഭത്തിന്റെ കണക്കുകൾ അവതരിപ്പിച്ചവർ മൂന്നും നാലും പാദങ്ങളിൽ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ഓഫറുകളുടെ പെരുമഴക്കാലം നൽകി ജിയോ പച്ചപിടിച്ചപ്പോൾ, കടപുഴുകിയത് നിരവധി പേരായിരുന്നു. മുകേഷ് അംബാനിയുടെ ജിയോയിൽ തട്ടിവീണ് നടുവൊടിഞ്ഞവരിൽ പ്രമുഖൻ സ്വന്തം അനുജനാണ് അനിൽ അംബാനി.അവസാനംറിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) ടെലികോം സേവനങ്ങൾ പൂട്ടാൻ തന്നെ തീരുമാനിക്കേണ്ടി വന്നു. നിലവിൽ ആർകോമിന് 4ജി നെറ്റ്‌വർക്ക് നൽകുന്നത് ജിയോയാണ്. ഈ സേവനം തുടരും.
നിലവിൽ ആർകോമിന്റെ കടം 6.7 ബില്ല്യൻ ഡോളറാണ് (ഏകദേശം 43,386 കോടി രൂപ). ഇതിനിടെ കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികൾ സെപ്റ്റംബറോടെ നടപ്പാക്കാനാകുമെന്നും ബാങ്കുകൾ ഡിസംബർ വരെ സമയമനുവദിച്ചിട്ടുണ്ടെന്നും റിലയൻസ് കമ്യൂണിക്കേഷൻസ് (ആർകോം) ചെയർമാൻ അനിൽ അംബാനി പറഞ്ഞിരുന്നു. ജിയോ പുതിയ ഓഫറുകൾ അവതരിപ്പിച്ചതോടെ കുറഞ്ഞ നിരക്കിൽ സേവനം നൽകാൻ ആർകോം നിർബന്ധിക്കപ്പെട്ടു. കുറഞ്ഞ നിരക്കിൽ സേവനം നൽകിയതോടെ ആർകോം വൻ കടബാധ്യതയിലേയ്ക്ക് കൂപ്പുകുത്തുകയും ചെയ്തു.
ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനമാണ് ആർകോമിന്. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതോടെയാണ് ഇനിയും കടം കൂട്ടാതിരിക്കാൻ ബിസിനസ് നിർത്താൻ അനിൽ തീരുമാനിച്ചതും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അനിൽ അംബാനിയുടെ വ്യക്തിഗത ആസ്തി കുതിക്കുകയാണ്.
ഈ വർഷം ആർകോമിന്റെ ഓഹരിവില 39 ശതമാനം ഇടിഞ്ഞ് വിപണി മൂല്യത്തിൽ 3340 കോടിയുടെ നഷ്ടമാണുണ്ടായി.അനിൽ പ്രമോട്ടറായുള്ള റിലയൻസ് കാപിറ്റലിന്റെയും റിലയൻസ് പവറിന്റെയും വളർച്ച ആർകോമിന്റെ തളർച്ചയെ കവച്ചു വച്ചതോടെ അനിലിന്റെ വ്യക്തിത്വ ആസ്തി മൂല്യത്തിൽ വർധന ഉണ്ടായി. 533 കോടി രൂപ ഉയർന്ന് ആസ്തി മൂല്യം 17550 കോടിയായതായി ബ്ലൂംബെർഗ് കണക്കാക്കുന്നു.