പ്രകൃതിസൗഹൃദ ഇലക്ട്രിക് വാഹനങ്ങൾ സാർവത്രികമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. മദ്രാസ് ഐഐടി പ്രഫസറും കേന്ദ്ര ഊർജമന്ത്രിയുടെ മുഖ്യഉപദേഷ്ടാവുമായ അശോക് ജുൻജുൻവാലയുടെ നേതൃത്വത്തിലാണു സമിതി. അടുത്ത മാസം ആദ്യ ആഴ്ചയിൽ യോഗം ചേർന്നു നയരൂപീകരണം നടത്തുമെന്നാണു സൂചന.
സംസ്ഥാനത്തുതന്നെ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ സാഹചര്യമൊരുക്കുകയാണു പ്രധാനലക്ഷ്യം. നിതി ആയോഗും റോക്കി മൗണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സമിതിക്കു രൂപം നൽകിയത്. അഡീഷനൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, ഐടി സെക്രട്ടറി എം.ശിവശങ്കർ, ട്രാൻസ്പോർട്ട് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഇലക്ട്രിക് വെഹിക്കിൾ എൻജിനീയർ സാജിദ് മുബഷീർ, ടൂറിസം സെക്രട്ടറി ഡോ. വി.വേണു, ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം പ്രസിഡന്റ് ഡോ.റെജികുമാർ പിള്ള എന്നിവരാണു സമിതിയിലുള്ളത്.
∙ പ്ലാന്റ് സ്ഥാപിക്കാൻ ചൈനീസ് കമ്പനി
പ്രമുഖ ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഉൾപ്പെടെയുള്ളവ കേരളത്തിൽ വാഹന നിർമാണ പ്ലാന്റ് നിർമിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു രംഗത്ത്. ഗതാഗത വകുപ്പിനോടു ബിവൈഡി താൽപര്യം അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ കീഴിലുള്ള സ്ഥലം പ്ലാന്റിനായി വിട്ടുനൽകാൻ ആലോചനകൾ നടത്തിയിരുന്നു. ലിഥിയം അയോൺ ബാറ്ററി ഇറക്കുമതി ചെയ്യാനാണു കമ്പനികളുടെ തീരുമാനം. എന്നാൽ ഇതുകൂടി ഇന്ത്യയിൽ നിർമിച്ചാലേ ചെലവു കുറയൂ എന്ന നിലപാടിലാണു സർക്കാർ.
ഇലക്ട്രിക് വാഹനങ്ങൾക്കായി ആലോചനകൾ ഇങ്ങനെ
∙ 15 വർഷത്തെ വാഹന നികുതി ഒരുമിച്ച് അടയ്ക്കുന്നതിനു പകരം അഞ്ചു വർഷംവീതമാക്കൽ.
∙ നികുതി ഇളവിനായി അടുത്ത ബജറ്റിൽ അഭ്യർഥന.
∙ ചെറു വായ്പകൾ.
∙ ടാക്സി വാഹനങ്ങൾക്കു പ്രത്യേക ഫെയർ സ്റ്റേജ്.
∙ വാഹന – ബാറ്ററി നിർമാണ യൂണിറ്റുകൾക്കായി പ്രത്യേക പാക്കേജ്.
∙ വാഹനങ്ങൾക്കു വെള്ളയും പച്ചയും നിറങ്ങൾ ഉപയോഗിച്ചു കളർ കോഡിങ്.