ശമ്പള വരുമാനകാർക്കു വായ്പനൽകാൻ എല്ലാവരും മൽസരിക്കുന്നു. അതേസമയം ശമ്പളക്കാരല്ലാത്തവർക്ക്, പ്രത്യേകിച്ച് സ്വയം തൊഴിൽ കണ്ടെത്തിയവർക്ക്, അത്യാവശ്യത്തിനു പോലും വായ്പ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. പലവിധ കാരണങ്ങൾ ഇതിനുണ്ട്. ഇതു മനസ്സിലാക്കി വ്യത്യസ്തമായ സമീപനം വഴി സ്വയം തൊഴിൽ കണ്ടെത്തിയവർക്ക് ബിസിനസ് ആവശ്യത്തിനും വീടുവയ്ക്കാനും മറ്റു വ്യക്തിഗത ആവശ്യങ്ങൾക്കും വായ്പ ലഭ്യമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്' , പറയുന്നത് ഈഡിൽവിസിന്റെ റീടെയിൽ ഫിനാൻസ് വിഭാഗം പ്രസിഡന്റ് അനിൽ കൊത്തൂരി. എന്തുകൊണ്ടാണ് സ്വയം തൊഴിൽ ചെയ്യുന്നവർക്ക് വായ്പ നൽകാൻ വൈമുഖ്യം കാട്ടുന്നത്? ബുക്ക് ഓഫ് അക്കൗണ്ടും ബാലൻസ് ഷീറ്റും ഒന്നും ഇല്ലാത്ത ചെറുകിടക്കാരുടെ കാര്യമാണ് പറയുന്നത്. ഇവർക്കു വരുമാനം സംബന്ധിച്ച് കൃത്യമായ രേഖകൾ നൽകാനാകില്ല. സ്ഥിരമായതോ നിശ്ചിതമായതോ ആയ വരുമാനം കിട്ടുന്നുണ്ടാകില്ല. അതുകൊണ്ടുതന്നെ സ്ഥാപനങ്ങൾക്ക് ഇവരുടെ കൃത്യമായ വരുമാനം കണക്കാക്കാൻ ബുദ്ധിമുട്ടാണ്. അതാണു വായ്പ നൽകാൻ മടിക്കുന്നതും. ഇവിടെ എന്തു വ്യത്യസ്തമായ സമീപനമാണ് സ്വീകരിക്കുന്നത്? ഇത്തരക്കാർ വായ്പ ആവശ്യപ്പെട്ടു വന്നാൽ ഞങ്ങളുടെ ബിസിനസ് റിലേഷൻഷിപ് മാനേജർ അവരുടെ അടുത്തെത്തും. കൂടെ നിന്ന് അവരുടെ സാഹചര്യം മനസ്സിലാക്കും. ഏതെല്ലാം തരത്തിലാണ് വരുമാനം എന്നറിയും.
മാസവരുമാനത്തിലെ ശരാശരി കണക്കാക്കും. ഞങ്ങൾ സ്വയം നടത്തുന്ന ഈ വിശകലനം വഴി ഉപഭോക്താവിന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി അതനുസരിച്ചു വായ്പ നൽകുകയാണ് ചെയ്യുന്നത്. അവരുടെ ഇതുവരെയുള്ള സമ്പാദ്യം, കൈവശമുള്ള ഭൂമി അടക്കമുള്ള ആസ്തികളുടെ യഥാർഥ മൂല്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണു വായ്പ അനുവദിക്കുക. ഇതു പ്രാവർത്തികമാക്കുക എളുപ്പമാണോ? ബാങ്കുകളെ സംബന്ധിച്ച് എളുപ്പമല്ല. കാരണം, അവർക്കു പല പല ബിസിനസാണ് ഉള്ളത്. നിക്ഷേപം സ്വീകരിക്കണം, മ്യൂച്വൽ ഫണ്ടും ഇൻഷുറൻസും വിൽക്കണം, ഫോറിൻ എക്സ്ചേഞ്ച് നടത്തണം. ഓരോ ശാഖയിലും 25 തരം സേവനങ്ങളെങ്കിലും ഉണ്ട്. പക്ഷേ, ഞങ്ങൾ റീ ടെയിൽ വായ്പയിൽ മാത്രം കേന്ദ്രീകരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ മേൽപറഞ്ഞ ശൈലിയിൽ പ്രവർത്തിക്കാൻ പ്രയാസമില്ല. ഒട്ടേറെ സ്ഥാപനങ്ങൾ വായ്പ നൽകാൻ മൽസരിക്കുകയാണ്. എന്നിട്ടും ആവശ്യക്കാർക്കു സേവനം ലഭ്യമല്ലെന്നു പറയുന്നതു ശരിയാണോ? വായ്പാ വിപണി അണ്ടർ സെർവ്ഡ് ആണെന്നതിൽ സംശയമില്ല. ആവശ്യത്തിനു സേവനം ലഭിക്കുന്നില്ല. അതും രണ്ടു തരത്തിൽ. ഒന്ന് ആവശ്യക്കാർക്കെല്ലാം– നേരത്തേ പറഞ്ഞതുപോലെ സ്വയം തൊഴിൽ കണ്ടെത്തിയവർക്കു ലഭിക്കുന്നില്ല. ഇനി ലഭിച്ചാൽ തന്നെ ആവശ്യത്തിനുള്ള തുക കിട്ടുന്നില്ല എന്നതാണു രണ്ടാമത്തേത്. ഉദാഹരണത്തിന് ഒരു പ്രമുഖ കമ്പനിക്കു കിട്ടിയ കരാർ നടപ്പാക്കാൻ അഞ്ചു കോടി വേണമായിരുന്നു. അതിൽ രണ്ടു കോടി പോലും നൽകാൻ ബാങ്ക് തയാറായില്ല. ആവശ്യപ്പെടുന്ന ഈട് ഇല്ലായെന്നതാണ് കാര്യം. നേരത്തേ സൂചിപ്പിച്ച ശൈലിയിൽ ഞങ്ങൾ ഇത്തരക്കാർക്ക് ആവശ്യമായ തുക മുഴുവൻ നൽകി. ആവശ്യക്കാരിലേക്കു നിങ്ങൾ എങ്ങനെയാണ് എത്തുക? ഓരോ ശാഖയിലും ബിസിനസ് വേണ്ടപ്പോൾ പരസ്യം ചെയ്യും. ആവശ്യക്കാരോട് ശാഖയിൽ എത്താൻ പറയും.
ആവശ്യക്കാരെത്തിയാൽ നേരത്തേ പറഞ്ഞതുപോലെ സാഹചര്യം നേരിട്ടു വിലയിരുത്തി വായ്പ അനുവദിക്കും. ഇതിൽ വലിയ റിസ്ക്കില്ലേ? ശമ്പളവരുമാനക്കാരിൽ എല്ലാവരും ഫോക്കസ് ചെയ്യുന്നത് റിസ്ക് കുവായതിനാലാണ്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവനെ സംബന്ധിച്ച് ആവശ്യങ്ങൾക്കു പണം കിട്ടിയാൽ അവൻ ഹാർഡ് വർക്ക് ചെയ്യും. വരുമാന വർധന നേടും. അതുകൊണ്ടു തന്നെ വായ്പ പലപ്പോഴും നേരത്തെ തന്നെ അടഞ്ഞു പോകാറുമുണ്ട്. കൂടുതൽ ഫോക്കസ് ചെയ്യുന്നിടത്ത് കിട്ടാക്കടം കുറവാണെന്നതു വസ്തുതയാണ്. ബാങ്കുകളുടെ ഭവനവായ്പയിൽ 1.7 ശതമാനം കിട്ടാക്കടം ഉള്ളപ്പോൾ ഹൗസിങ് ഫിനാൻസ് കമ്പനികളുടേത് 0.7 ശതമാനം മാത്രം. ബാങ്കകുളെക്കാൾ വളരെ കൂടുതൽ വായ്പ നൽകിയിട്ടാണിത്. പലവിധ ജോലി ചെയ്യാനുള്ളതുകൊണ്ട് വായ്പ തിരിച്ചു പിടിക്കുന്നതിൽ ബാങ്കുകൾക്കു ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നില്ല. ഞങ്ങൾക്ക് അതിനു കഴിയും. കേരളത്തിൽ നാലു ശാഖ അഞ്ചു വർഷമായി ഈ രംഗത്തു പ്രവർത്തിക്കുന്ന ഈഡിൽവിസിന് 76 ശാഖകളുണ്ട്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവടങ്ങളിലാണ് ശാഖകൾ.