ഒരുനീണ്ട ഇടവേളയ്ക്ക് ശേഷം കോഴിക്കോടിന്റെ മുൻകളക്ടർ പ്രശാന്ത് നായർ ഫെയ്സ്ബുക്കിൽ തിരികെ എത്തി. മുങ്ങലിന് ശേഷം പൊങ്ങിയത് വെറുംകൈയോടെയായിരുന്നില്ല. ദൈവകണം എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലറുമായിട്ടാണ്. പ്രശാന്ത് നായർ സംവിധാനവും തിരക്കഥയും നിർവഹിച്ച ഹ്രസ്വചിത്രമാണ് ദൈവകണം. ബ്രേക്ക് എടുത്തിട്ടും മകൾക്ക് വേണ്ടി അധികം സമയം ചെലവഴിക്കാൻ സാധിക്കാത്തതുകൊണ്ട് അവർക്കുവേണ്ടിയുള്ള ഡെഡിക്കേഷനായിട്ടാണ് കളക്ടർബ്രോ ടീസർ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ബ്രേവ് ആൻഡ് ബോൾഡ് എന്ന് സോഷ്യൽമീഡിയ വിശേഷിപ്പിച്ച കേരളത്തിന്റെ സ്വന്തം കലക്ടർ ബ്രോയാണ് കോഴിക്കോടിന്റെ മുൻകലക്ടകർ പ്രശാന്ത് നായർ ഐഎഎസ്. ശക്തമായ നിലപാടുകളുമായി സോഷ്യൽമീഡിയയിൽ സജ്ജീവമായ കലക്ടർ ബ്രോ കുറച്ചുകാലമായി എല്ലാത്തിൽ നിന്നും വിട്ടുനിൽകുകയായിരുന്നു. ഔദ്യോഗികമായ തിരക്കിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത് കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന സബാട്ടിക്കൽസ്റ്റേജിലായിരുന്നു പ്രശാന്ത് നായർ. മാനസികമായി ഊർജ്ജസ്വലമായി തിരിച്ചുവരാനുള്ള ഉന്മേഷം കൂടിയാണ് സബാട്ടിക്കൽ നൽകുന്നതെന്നും കൂടുതൽ ആക്ടീവാകാനാണ് ഡീആക്ടിവേറ്റ് ചെയ്യുന്നതെന്നും പ്രശാന്ത് നായർ മനോരമന്യൂസ് ഓൺലൈനിന്റെ മുൻഅഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.