സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നതാണ് 60 ശതമാനം അപകട മരണങ്ങള്‍ക്കും കാരണമെന്ന് അബുദാബി പൊലീസ്. പരുക്കിന്‍റെ തോത് കുറയ്ക്കാനും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് പൊലീസ് സൂചിപ്പിച്ചു.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഒന്‍പത് മാസത്തിനിടെ അബുദാബിയില്‍ 39,956 പേര്‍ക്ക് പിഴ ചുമത്തി. ജനങ്ങളുടെ സുരക്ഷയ്ക്കായി നിര്‍ബന്ധമാക്കിയ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിലൂടെ അപകടത്തിന്‍റെ ആഘാതവും ഇതുവഴി പരുക്കും കുറയ്ക്കാനാകുമെന്നാണ് മുന്‍കാല അനുഭവം തെളിയിക്കുന്നത്. ഇതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍കരിക്കുകയും ചെയ്തുവരുന്നു. പരിഷ്കരിച്ച ഗതാഗത നിയമം അനുസരിച്ച് വാഹനത്തിലുള്ളവരെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. നിയമം ലംഘിക്കുന്ന ആളൊന്നിന് 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാലു ബ്ലാക്ക് മാര്‍ക്കുമാണ് ശിക്ഷ. ഇത് നിരീക്ഷിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിരത്തുകളിൽ നിയോഗിച്ചിട്ടുണ്ട്. ഗതാഗത നിയമം പാലിക്കുന്നതിലൂടെ സ്വന്തം സുരക്ഷയ്ക്കൊപ്പം മറ്റുള്ളവരുടെ ജീവന്‍കൂടി സംരക്ഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അപകടമുണ്ടായാലും സീറ്റ് ബെല്‍റ്റ് ധരിച്ചവര്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു.