ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നിന്നും യു എ ഇയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന ബാത്തിന എക്‌സ്പ്രസ് പാതയുടെ പ്രധാന ഭാഗം യാത്രക്കായി തുറക്കുന്നു. 50.5 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന സഹം - സൊഹാര്‍ റോഡ് അടുത്ത മാസം യാത്രക്കായി തുറന്നുകൊടുക്കുമെന്ന് ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചു. രണ്ട് പാലങ്ങളും മൂന്ന് ഇന്റര്‍സെക്ഷനുകളും അടങ്ങിയതാണ് റോഡ്.
മസ്‌കത്ത് എക്‌സ്പ്രസ് പാത അവസാനിക്കുന്നിടത്ത് നിന്ന് ആരംഭിക്കുന്ന ബാത്തിന എക്‌സ്പ്രസ് പാത മേഖലയിലെ തന്നെ ഏറ്റവും പ്രധാന സഞ്ചാര കേന്ദ്രമാണ്. ബാത്തിന എക്‌സ്പ്രസ് പാതയുടെ ഭാഗമായ ലിവ ക്രോസ് റോഡ് മുതല്‍ അല്‍ ഉഖ്ര്‍ ക്രോസ് റോഡ് വരെയുള്ള 34 കിലോമീറ്റര്‍ റോഡ് ഈ വര്‍ഷമാദ്യം തുറന്നിരുന്നു. ബര്‍കയില്‍ നിന്ന് ആരംഭിച്ച് ശിനാസ് വിലായത്തിലെ ഖത്മത് മിലാഹില്‍ അവസാനിക്കുന്നതാണ് ബാത്തിന എക്‌സ്പ്രസ് പാത. ബാത്തിന എക്‌സ്പ്രസ് പാത പൂര്‍ത്തിയാകുന്നതോടെ മസ്‌കത്ത് - യു എ ഇ യാത്രയുടെ സമയ ദൈര്‍ഘ്യം കുറയും.