ഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇനി ഫാമിലി വിസ. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു. നേരത്തെ മജ്‌ലിസ് ശൂറ അംഗം സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രിയാണ് പ്രവാസികള്‍ക്കുള്ള സന്തോഷ വാര്‍ത്ത ട്വിറ്റ് ചെയ്തത്. പിന്നീടാണ് വിസാ നടപടികള്‍ കൈകാര്യം ചെയ്യുന്ന പോലീസ് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയത്.
നാല് വര്‍ഷം മുമ്പു വരെ ഏത് തരത്തിലുള്ള വിസയിലുള്ളവര്‍ക്കും ശമ്പള പരിധിയില്ലാതെ ഫാമില വിസ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട്, ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിസാ പരിധി 600 റിയാലാക്കി ഉയര്‍ത്തി റോയല്‍ ഒമാന്‍ പോലീസ് രംഗത്തെത്തി. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വിനയാകുകയും ചെയ്തു.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്തിരുന്നവര്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കേണ്ടിവരികയും പുതിയ വിസ ലഭിക്കാതാകുകയും ചെയ്തു. പിന്നീട് ശമ്പള പരിധിയില്‍ ഇളവ് നല്‍കുന്നതായി വ്യത്യസ്ത ഘട്ടങ്ങളില്‍ കിംവദന്തികള്‍ പരന്നെങ്കിലും പോലീസ് നിഷേധിക്കുകയായിരുന്നു. രാജ്യത്തിന്റെ സമ്പൂര്‍ണ വികസനം ലക്ഷ്യമാക്കി യതാറാക്കിയ തന്‍ഫീദ് പഠന റിപ്പോര്‍ട്ടിലും ഫാമിലി വിസക്കുള്ള ശമ്പള പരിധി കുറക്കാന്‍ നിര്‍ദേശമുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. തന്‍ഫീദ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നുവെന്നും ഇപ്പോള്‍ സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി വ്യക്തമാക്കുന്നു.
ശൂറ കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 300 റിയാലാക്കി ഫാമിലി വിസക്കുള്ള ശമ്പള പരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജ്യത്തെ റീട്ടെയ്ല്‍ മേഖലക്ക് ഉള്‍പ്പടെ പുതിയ നടപടി ഗുണം ചെയ്യും. കുടംബങ്ങളായി താമസിക്കുന്നവര്‍ വര്‍ധിക്കുന്നതോടെ ചെറുകിട മേഖലകളില്‍ വന്‍ ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.