മസ്‌കത്ത്: സൊഹാര്‍ തുറമുഖത്ത് ചരക്ക് കപ്പലില്‍ വിഷവാതകം ശ്വസിച്ച് ഇന്ത്യക്കാരായ മൂന്ന് പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 9.30നായിരുന്നു അപകടം. കപ്പലില്‍ കൊണ്ടുവന്ന മരം സൂക്ഷിച്ചിരുന്ന ഭാഗത്ത് വീണാണ് മരണം സംഭവിച്ചത്. മരത്തടികള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന കെമിക്കലിന്റെ സാന്നിധ്യം മരണത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍.
കപ്പല്‍ അധികൃതരും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വദേശി തൊഴിലാളിയും ഇവിടേക്ക് വീണിരുന്നതായും രക്ഷപ്പെട്ടുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് പേരുടെയും മരണം ഇവിടെ വെച്ചുതന്നെ സംഭവിച്ചിരുന്നു.
ജനറല്‍ ചരക്ക് കപ്പലില്‍ ജോലിക്കാരായ മൂന്ന് പേരും കപ്പലില്‍ സൂക്ഷിച്ചിരുന്ന മരം ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ക്കാണ് ഇവിടെ എത്തിയത്. ഇതിനിടെ രക്ഷപ്പെടാന്‍ താഴേക്ക് വീഴുകയും രക്ഷപ്പെടാന്‍ സാധിക്കാത്തവിധം കുടുങ്ങിക്കിടക്കുയുമായിരുന്നു. വിവരം അറിഞ്ഞ് അധികൃതര്‍ എത്താന്‍ വൈകിയതും മരണത്തിന് കാരണമായി. മിനുട്ടുകളോളം വിഷവാതകം ശ്വസിച്ച് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണെന്ന് സൊഹാര്‍ തുറമുഖം അധികൃതരും സുഹാര്‍ ഫ്രീ സോണ്‍ വക്താക്കളും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.