സൗദി അറേബ്യയില്‍ മന്ത്രസഭാ പുനഃസംഘടന. ഗതാഗത മന്ത്രിയായി ഡോ. നബീല്‍ ബിന്‍ മുഹമ്മദ് അല്‍ ആമൂദിയെയും ഹജ്, ഉംറ ഉപ മന്ത്രിയായി അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത്തിനെയും നിയമിച്ചു. ഭരണാധികാരി സല്‍മാന്‍ രാജാവാണ് മന്ത്രിസഭാ അഴിച്ചുപണി നടത്തിയത്.
ഗതാഗത മന്ത്രിയായി പുതുമുഖത്തെ കൊണ്ടുവന്നപ്പോള്‍ ഈ വകുപ്പില്‍ നിലവിലുള്ള മന്ത്രി സുലൈമാന്‍ അല്‍ഹംദാനെ സിവില്‍ സര്‍വീസ് മന്ത്രിയാക്കി മാറ്റി നിയമിച്ചു. സഅദ് ബിന്‍ മുഖ്ബില്‍ അല്‍മൈമൂനിയാണ് തായിഫിന്‍റെ പുതിയ ഗവര്‍ണര്‍. കിങ് ഫൈസല്‍ ഹോസ്പിറ്റല്‍ കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് സൂപ്പര്‍വൈസര്‍ ജനറലായി ഡോ. മാജിദ് ബിന്‍ ഇബ്രാഹിം അല്‍ഫയാദിയെ ചുമതലപ്പെടുത്തി.
തബൂക്ക്, നജ്‌റാന്‍, അല്‍ബാഹ യൂനിവേഴ്‌സിറ്റികള്‍ക്ക് പുതിയ ഡയറക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ടുകളുടെയും വികസന ബാങ്കുകളുടെയും കാര്യക്ഷമത ഉയര്‍ത്തുന്നതിനും വായ്പാ മേഖലയില്‍ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിനുമായി ദേശീയ വികസന നിധിക്ക് രൂപം നല്‍കി. റിയല്‍ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ഫണ്ട്, സൗദി ഡെവലപ്‌മെന്റ് ഫണ്ട്, സൗദി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ഫണ്ട് എന്നിവയെ വികസന നിധിയുടെ കീഴിലാക്കി. കാര്‍ഷിക വികസന നിധി, സാമൂഹിക വികസന ബാങ്ക്, മാനവ ശേഷി വികസന നിധി എന്നിവയാണ് പുതുതായി സ്ഥാപിച്ച നാഷണല്‍ ഡെവലപ്‌മെന്റ് ഫണ്ടിനു കീഴില്‍ വരുന്ന മറ്റു സ്ഥാപനങ്ങള്‍.