ഷാര്‍ജയിൽ കുടുംബമില്ലാതെ താമസിക്കുന്നവരുടെ പാര്‍പ്പിട കേന്ദ്രങ്ങളില്‍ നഗരസഭ പരിശോധന ഊര്‍ജിതമാക്കി. എമിറേറ്റിലെ ജനങ്ങള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ താമാസയിടം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.
എമിറേറ്റിലെ താമസ നിയമങ്ങള്‍ പാലിച്ചായിരിക്കണം പാര്‍പ്പിട സൗകര്യങ്ങള്‍ ക്രമീകരിക്കേണ്ടത്. ഒരു ഫ്ലാറ്റില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കരുത്. വിവാഹിതരല്ലാത്ത സ്ത്രീ, പുരുഷന്മാര്‍ ഒന്നിച്ച് താമസിക്കുന്നതും വിലക്കും. താമസയിടം മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതും നിയമലംഘനമാണ്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 1492 താമസക്കാര്‍ക്ക് നഗരസഭ മുന്നറിയിപ്പ് നൽകിയിരുന്നു. നാസിരിയ, മയ്സലോണ്‍, നബാഗ, ഖാദിസിയ, നഹ്ദ, മജാസ് മേഖലകളിലായിരുന്നു പരിശോധന. നിയമലംഘനം ആവര്‍ത്തിച്ച 295 താമസക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതായി നഗരസഭ വ്യക്തമാക്കി. വാടകകരാര്‍ രൂപപ്പെടുത്താതെ ആരെയും താമസിക്കാന്‍ അനുവദിക്കില്ല. നിയമലംഘനം കണ്ടെത്തിയാല്‍ വീടൊഴിയാന്‍ സമയ പരിധി നല്‍കും. നിശ്ചിത സമയത്തിനകം താമസം മാറാത്തവരുടെ ജല-വൈദ്യുതി ബന്ധം വേര്‍പ്പെടുത്തുന്നത് അടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്നും മുനസിപ്പാലിറ്റി അറിയിച്ചു.