ഇന്ത്യ-യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് തിങ്കളാഴ്ച ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ തുടക്കമാകും. ദ്വിദിന ഉച്ചകോടിയിൽ ഇന്ത്യയിലെയും യുഎഇയിലെയും മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ എന്നിവരടക്കം 800 പ്രതിനിധികൾ പങ്കെടുക്കും.
വാണിജ്യ-വ്യാപാര മേഖലകളിൽ സഹകരണം ശക്തമാക്കാനും നിക്ഷേപരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഉച്ചകോടി. യുഎഇ, ഇന്ത്യ സാമ്പത്തിക മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ബിസിനസ് ലീഡേഴ്സ് ഫോറമാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. നിക്ഷേപ സാധ്യതകൾ, അടിസ്ഥാന സൌകര്യ വികസനം, വിനോദ സഞ്ചാരം തുടങ്ങിയവയെക്കുറിച്ച് വിവിധ ഗ്രൂപ്പുകളായി ചർച്ചകളും സെമിനാറുകളും ഉണ്ടായിരിക്കും. കേന്ദ്രമന്ത്രിമാരുടെയും തെലങ്കാന, യുപി, മണിപ്പുർ, കർണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരുടെയും സാന്നിധ്യം ഉച്ചകോടിയെ ശ്രദ്ധേയമാക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപ സാധ്യതകൾ, പുതിയ പദ്ധതികൾ എന്നിവ അവതരിപ്പിക്കും. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ വിലയിരുത്തുക, പദ്ധതികൾക്കു രൂപം നൽകുക, നടപടികളുടെ പുരോഗതി അവലോകനം ചെയ്യുക തുടങ്ങിയവ ഉച്ചകോടിയുടെ ലക്ഷ്യങ്ങളാണ്. സർക്കാർ, പൊതു-സ്വകാര്യ മേഖലകളുടെ സജീവപങ്കാളിത്തവും ഉണ്ടായിരിക്കും.