തമിഴ്നാട്ടില്‍ നാളെ മുതല്‍ വാഹനമോടിക്കുന്നവര്‍ ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണം. സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചു. ലൈസന്‍സ് ഈടുനല്‍കി ജോലി ചെയ്യുന്ന ഡ്രൈവർമാരെയടക്കം തീരുമാനം ദോഷകരമായി ബാധിക്കും. വാഹനമോടിക്കുമ്പോള്‍ ഒറിജിനല്‍ ലൈസന്‍സ് കയ്യില്‍ കരുതണമെന്ന നിയമം ഇത്തരത്തില്‍ ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കും. പല ഡ്രൈവര്‍മാരും ഒറിജിനല്‍ ലൈസന്‍സ് ഈടു നല്‍കിയാണ് ഓട്ടോയും കാറും മറ്റ് ടാക്സികളും ദിവസവാടകയ്ക്ക് എടുക്കുന്നത്. പല സ്വകാര്യവാഹനങ്ങളില്‍ പോലും ഡ്രൈവര്‍മാര്‍ ജോലിക്ക് കയറുന്നത് ലൈസന്‍സ് വാഹനഉടമയെ ഏല്‍പ്പിച്ചാണ്. ഒറിജിനല്‍ നഷ്ടപ്പെടാതിരിക്കാന്‍ ലൈസന്‍സിന്‍റെ കോപ്പി കയ്യില്‍ കരുതലും നടക്കില്ല. വാഹനം പരിശോധിക്കുമ്പോള്‍തന്നെ ഒറിജിനല്‍ കാണിക്കണം. ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പുതിയത് കിട്ടുന്നതുവരെ എന്തുചെയ്യുമെന്ന ചോദ്യവും ഡ്രൈവര്‍മാര്‍ ഉയര്‍ത്തുന്നു.
ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും. സാധാരണഗതിയില്‍ ആറുമാസമെടുക്കും ലൈസന്‍സ് പുതുക്കികിട്ടാന്‍. ബ്രോക്കര്‍മാര്‍ വഴി പോയാല്‍ നാല്‍പ്പത് ദിവസമെങ്കിലും എടുക്കും. അതുവരെ എന്തുചെയ്യും. പൊലീസുകാര്‍ക്ക് പണമുണ്ടാക്കാനുള്ള മാര്‍ഗമാണ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവിന് നേരത്തെ മദ്രാസ് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സ്റ്റേ കാലാവധി നീട്ടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മോട്ടോര്‍വാഹനവകുപ്പും പൊലീസും വാഹനപരിശോധന നടത്തും. ഒറിജിനല്‍ ലൈസന്‍സ് ഇല്ലെങ്കില്‍ വാഹനം കസ്റ്റഡിയിലെടുക്കും ആറുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. നാലുചക്രവാഹനങ്ങളുടെയും വലിയ ചരക്കുവാഹനങ്ങളുടെയും പെര്‍മിറ്റും റദ്ദാക്കും.