2019 ജൂലൈ ഒന്നുമുതല്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് എയര്‍ ബാഗ് അടക്കമുള്ള സുരക്ഷാസംവിധാനങ്ങള്‍ നിര്‍ബന്ധമാക്കി. ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം രണ്ടുദിവസത്തിനകം പുറത്തിറക്കും.
രണ്ടായിരത്തിപത്തൊന്‍പത് ജൂലൈ ഒന്നിനുശേഷം ഇന്ത്യയില്‍ നിര്‍മിക്കുന്ന എല്ലാ കാറുകളിലും എയര്‍ ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ , വേഗനിയന്ത്രണ അലാറം, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം നിര്‍ബന്ധമാക്കി. റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വാഹനയാത്രക്കാരുടെയും, കാല്‍നടക്കാരുടെയും സുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയാണ് പുതിയ തീരുമാനമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
ചില വാഹനനിര്‍മാതാക്കള്‍ ഇതിനകം തന്നെ മുഴുവന്‍ കാറുകളിലും എയര്‍ ബാഗുകള്‍ ലഭ്യമാക്കുന്നുണ്ട്. വേഗനിയന്ത്രണ സംവിധാനം ഘടിപ്പിച്ച വാഹനം മണിക്കൂറില്‍ എണ്‍പതുകിലോമീറ്ററിനു മുകളില്‍ പാഞ്ഞാല്‍ അലാറം മുഴങ്ങും. മണിക്കൂറില്‍ നൂറ്റിഇരുപതുകടന്നാല്‍ അലാറം നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരിക്കും. അതേസമയം, നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന മറ്റുവാഹനങ്ങള്‍ക്കും എയര്‍ ബാഗും , റിവേഴ്സ് സെന്‍സറുകളും നിര്‍ബന്ധമാക്കുമെന്നും ഗതാഗതമന്ത്രാലയം അറിയിച്ചു