തമിഴ്നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടർന്നു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണു മരിച്ചത്. പ്ലസ്ടുവിന് 1200ല്‍ 1176 മാര്‍ക്ക് നേടിയ അനിത നീറ്റ് പരീക്ഷയ്ക്കെതിരെ നിയമപോരാട്ടം നടത്തിയിരുന്നു. പ്ലസ് ടു മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നായിരുന്നു ആവശ്യം. ഈ മാർക്കിൽനിന്നു സർക്കാർ ഉണ്ടാക്കിയ 200 എന്ന കട്ടോഫ് മാർക്കിൽ 196.5 മാർക്കും അനിത നേടിയിരുന്നു.
സംസ്ഥാന സിലബസിൽ പഠിച്ച് ഉയർന്ന അക്കാഡമിക് നിലവാരം പുലർത്തിയ വിദ്യാർഥിനിയായിരുന്നു അനിത. എന്നാൽ സിബിഎസ്ഇ നിലവാരത്തിലുള്ള നീറ്റ് പരീക്ഷയെഴുതിയപ്പോൾ വളരെ താണ റാങ്കാണ് അനിതയ്ക്കു നേടാനായത്. നീറ്റ് പരീക്ഷ സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർഥികൾക്കു ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെയാണ് അനിത സുപ്രീം കോടതിയെ സമീപിച്ചത്.
മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിലെ മാനസിക വിഷമമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു വിലയിരുത്തുന്നത്. ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ് അനിത.