സർക്കാർ മെഡിക്കൽ കോളേജിനായി വയനാട്ടുകാരുടെ കാത്തിരിപ്പ് ഇനിയും വർഷങ്ങളോളം നീണ്ടേക്കും. റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തികൾ ഇഴഞ്ഞു നീങ്ങുകയാണ്. പുതിയ ഡി.പി.ആർ തയാറാക്കാൻ ഇംകലിനെ ഏൽപ്പിച്ചെങ്കിലും സർവേ പോലും നടന്നിട്ടില്ല. പുതിയ ഫണ്ടുകളും അനുവദിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ വർഷം ഒാഗസ്്റ്റ് മാസമായിരുന്നു റോഡ് നിർമാണത്തിന്റെ ഉദ്ഘാടനം. എന്നാൽ അഞ്ച് ശതമാനം ജോലി പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.
പാലത്തിനായി 13 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും ടെണ്ടർ വിളിച്ചിട്ടില്ല, ഫണ്ടും കിട്ടിയിട്ടില്ല. മുമ്പ് നബാർഡ് വാഗ്ദാനം ചെയ്ത 42 കോടിയും നഷ്ടമായി. സംസ്ഥാനസർക്കാരിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടലുകൾ നടന്നില്ല എന്നാണ് ആക്ഷേപം.
നിലവിലെ സാഹചര്യത്തിൽ കിഫ്ബി സഹായം നേടിയെടുക്കുന്നതും വെല്ലുവിളിയാണ്. വിജിലൻസ് അന്വേഷണപരിധിയിലുളള ഹരിപ്പാട് കോളെജിന്റെ ഡി.പി.ആർ തയാറാക്കിയ കമ്പനിയായിരുന്നു വയനാട് മെഡിക്കൽ കോളെജിന്റെയും പദ്ധതി രേഖ തയാറാക്കിയത്. ഇംകലിനെയാണ് പുതുതായി ഡിപിആർ തയാറാക്കാൻ ഏൽപ്പിച്ചത്. എന്നാൽ പ്രവർത്തനങ്ങളൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. പ്രാഥമിക സർവേ നടത്താൻ സൗകര്യങ്ങൾ ഉടൻ ഒരുക്കും എന്ന് കൽപറ്റ എം.എൽ.എ അറിയിച്ചു. ചുരുക്കിപ്പറഞ്ഞാൽ സാങ്കേതികനൂലാമാലകളിൽ കുടുങ്ങിക്കിടക്കുകയാണ് വയനാടിന്റെ സ്വപ്നപദ്ധതി