കണ്ണൂർ വിമാനത്താവളം അടുത്തവർഷം സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര, രാജ്യാന്തരവിമാനക്കമ്പനികൾ സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കായി സ്ഥലമേറ്റെടുത്തപ്പോൾ വീട് നഷ്ടപ്പെട്ടവർക്ക് 41 തസ്തികകൾ നീക്കിവയ്ക്കുമെന്നും മുഖ്യമന്ത്രി ഡയറക്ടർ ബോർഡ് യോഗത്തിൽ പറഞ്ഞു.
വിമാനത്താവളത്തിന്റെ നിർമാണപ്രവർത്തനത്തിൽ കാര്യമായ പുരോഗതിയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെറ്റ് എയർവേസിന് അബുദാബിയിലേക്കും ഗോ എയറിന് ദമാമിലേക്കും ഓരോ സർവീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാനവകുപ്പ് അനുമതി നൽകിയിട്ടുണ്ട്. റൺവേയുടെ ദൂരം 3050 മീറ്ററിൽ നിന്ന് 4000 മീറ്റാക്കുന്നതിനുള്ള ഭൂമിയേറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിൽ നിലവിൽ 84 പേർക്ക് നിയമനം നൽകി. 94 തസ്തികകളിൽ നിയമന നടപടികൾ പുരോഗമിക്കുന്നു. സ്ഥലംവിട്ടു നൽകിയപ്പോൾ വീട് നഷ്ടമായവർക്ക് 41 തസ്തികകൾ നീക്കിവയ്ക്കും. ഡിസംബറിൽ എക്സറേ മെഷീൻ സജ്ജമാകും. 498 കോടിരൂപ ചെലവിൽ റൺവേയുടെയും സേഫ്റ്റി ടെർമിനലിന്റെയും നിർമാണം ജനുവരിയിൽ പൂർത്തിയാകും. ഒപ്പം എസ്കലേറ്റർ സംവിധാനവും. ഫെബ്രുവരിയിൽ പാസഞ്ചർ ബോർഡിങ് ടെർമിനലും മാർച്ചിൽ ലഗേജ് സംവിധാനവും സജ്ജമാകും. കുറച്ച് ഓഹരി മാത്രം വാങ്ങിയവർക്ക് കൂടുതൽ വാങ്ങണമെങ്കിൽ തടസമില്ല. സഹകരണസ്ഥാപനങ്ങൾക്കും ഓഹരിയെടുക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.