കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാല് വരി പാതയാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽചേർന്ന വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ അവലോകന യോഗത്തിലാണ് തീരുമാനം. ജനുവരിയോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാകുമെന്ന് കിയാൽ എംഡി പി.ബാലകിരണും പറഞ്ഞു.
കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽനിന്ന് മട്ടന്നൂരിലേക്കുള്ള ആറ് റോഡുകളാണ് നാലുവരിപാതയാക്കുക. ഡിസംബർ 31ന് മുമ്പ് വിശദമായ പദ്ധതി രേഖ തയ്യാറാക്കും. ഇരുപത്തിയഞ്ച് മീറ്റർ വീതിയിലായിരിക്കും നിർമാണം. തലശേരി -കൊടുവള്ളി ഗെയ്റ്റ് - മമ്പറം -മട്ടന്നൂർ റോഡ്, തളിപ്പറമ്പ്-മയ്യിൽ-ചാലോട് -മട്ടന്നൂർ, മേലെചൊവ്വ- ചാലോട് -മട്ടന്നൂർ, കൂട്ടുപുഴ-ഇരിട്ടി-മട്ടന്നൂർ, കുറ്റ്യാടി - പേരോട് - പാനൂർ - മട്ടന്നൂർ, മാനന്തവാടി - പേരാവൂർ - ശിവപുരം -മട്ടന്നൂർ എന്നീ റോഡുകളാണ് വീതി കൂട്ടുക. ജനുവരിയോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർണമാകും. ശേഷം വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ലൈസൻസുകൾ നേടിയെടുക്കുകയായിരിക്കും പ്രധാന ദൗത്യം.
എയർ ട്രാഫിക് കൺട്രോൾ ടവർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഉടൻ കൈമാറും. ഇതിനുശേഷം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കാൻ കഴിയുന്ന ഏറ്റവും വലിയ വിമാനം ഉപയോഗിച്ച് പരീക്ഷണ ലാൻഡിങ്ങും നടത്തും.