വടക്കന്‍ കേരളത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡും നൂറുകണക്കിന് ക്ഷേത്രങ്ങളും തമ്മിലൊരു സംവാദം നടക്കുകയാണ്. ഈ ക്ഷേത്രങ്ങളെ ബോര്‍ഡ് ഏറ്റെടുക്കണോ എന്നതാണ് ചോദ്യം. സാമൂതിരി രാജകുടുംബം ഉള്‍പ്പെടെയുള്ള ക്ഷേത്രം ഊരാളന്മാര്‍ക്കെതിരെ മലബാര്‍ദേവസ്വം ബോര്‍ഡ് രംഗത്തു വന്നിരുന്നു. ഇവര്‍ ഭരിക്കുന്ന ക്ഷേത്രങ്ങളില്‍ സ്വജന പക്ഷപാതവും അഴിമതിയും വ്യാപകമാണെന്ന് ബോര്‍ഡ് പ്രസിഡന്റ് ഒ.കെ. വാസു മനോരമ ന്യൂസിനോട് പറഞ്ഞു. ക്ഷേത്രഭരണം പൂര്‍ണമായും ബോര്‍ഡിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രസ്റ്റിഭരണത്തില്‍ ക്ഷേത്രങ്ങളിലെ ധനവിനിയോഗത്തില്‍ ക്രമക്കേടുണ്ട്, നിയമന കാര്യത്തില്‍ സ്വജനപക്ഷപാതവും അഴിമതിയും നടക്കുന്നു. തിരുവിതാംകൂറിനും കൊച്ചിക്കും സമാനമായ മലബാര്‍ ദേവസ്വംബോര്‍ഡിലും ട്രസ്റ്റിമാര്‍ക്ക് ആചാരപരമായ അധികാരം മാത്രം നിലനിര്‍ത്തിയാല്‍ മതിയെന്നും ഒകെ വാസു പറഞ്ഞു.സിപിഎമ്മുകാര്‍ വിട്ടുനില്‍ക്കുന്നത് കൊണ്ടാണ് ആര്‍എസ്എസുകാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നത്. ഇവര്‍ യഥാര്‍ഥ വിശ്വാസികള്‍ അല്ലെന്നും അദേഹം പറഞ്ഞു.
സാമൂതിരി വള്ളുവക്കോനാതിരി ചിറക്കല്‍ രാജകുടുംബങ്ങളുടെ അധികാരത്തിലിരിക്കുന്ന പ്രമുഖ ക്ഷേത്രങ്ങളുടെ നടത്തിപ്പവകാശത്തിനായി ബോര്‍ഡ് വര്‍ഷങ്ങളായി ശ്രമം തുടരുകയാണ്. ട്രസ്റ്റിമാരുടെ അധികാരം നിയന്ത്രിക്കണമെന്നാവശ്യപ്പെടുന്ന ഗോപാലകൃഷ്ണന് കമ്മീഷന്‍ റിപ്പോര്‍ട്ട് സർക്കാരിന്റെ സജീവ പരിഗണനയിലിരിക്കുമ്പോഴാണ് ദേവസ്വം പ്രസിഡന്‍റിന്റെ പ്രസ്താവന. ബിജെപിയില്‍ നിന്നും സിപിഎമ്മിെലത്തിയ ഒകെ വാസു കഴിഞ്ഞദിവസമാണ് ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റത്.
കോഴിക്കോട് സാമൂതിരിയുടേതടക്കം മലബാറിലെ ആയിരത്തിലധികം സ്വകാര്യ ദേവസ്വം ക്ഷേത്രങ്ങള്‍ പൂര്‍ണമായും പിടിച്ചെടുക്കാനാണ് മലബാർ ദേവസ്വം കമ്മിഷന്റെ ശുപാർശ. കമ്മീഷൻ റിപ്പോർട്ട് അടിയന്തിരമായി നടപ്പാക്കാനാണ് സർക്കാർ നീക്കം. ബോർഡിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സാമൂതിരി രാജകുടുംബം.
തിരുനാവായ നാവാമുകുന്ദന്‍ക്ഷേത്രം ഉൾപ്പെടെ സാമൂതിരി ദേവസ്വത്തിനുകീഴില്‍ അറുപതോളം ക്ഷേത്രങ്ങൾ ഉണ്ട്. ഇതിനുപുറമേ ആയിരത്തോളം ക്ഷേത്രങ്ങൾ മറ്റു പാരമ്പര്യ ട്രസ്റ്റിമാരുടെ ഭരണത്തിലും. ഈ ക്ഷേത്രങ്ങളെല്ലാം മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലാണെങ്കിലും ഭരണം നടത്തുന്നത് സ്വകാര്യ ദേവസ്വങ്ങളാണ്.
ഇത്തരം ക്ഷേത്രങ്ങളെയെല്ലാം പൂര്‍ണമായും മലബാര്‍ ദേവസ്വംബോര്‍ഡിന്‍റെ നിയന്ത്രണത്തിലാക്കാനാണ് നീക്കം. നിലവില്‍ മലബാർ ദേവസ്വം ബോർഡ് ഇപ്പോഴും പ്രവർത്തിക്കുന്നത് പഴയ എച്ച്ആർ ആന്റ് സി ആക്ട് പ്രകാരമായതിനാല്‍ ക്ഷേത്രങ്ങളുടെ പൂർണ അധികാരം ട്രസ്റ്റിമാർക്കാണ്. തിരുവിതാംകൂർ, കൊച്ചി ദേവസ്വങ്ങളുടെ രീതിയിലേക്ക് പ്രവര്‍ത്തനം മാറ്റാനാണ് നിര്‍ദേശം. നാമമാത്രമായ അധികാരമുള്ള ബോർഡിന് സ്വന്തമായി ചട്ടം രൂപീകരിക്കാൻ സർക്കാർ നിയോഗിച്ച അഡ്വ. ഗോപാലകൃഷ്ണൻ കമ്മിഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. എല്ലാ ക്ഷേത്രങ്ങളുടേയും പണമിടപാടുകള്‍ ഒറ്റ അക്കൗണ്ടിലേക്ക് മാറ്റണം. എല്ലാ ക്ഷേത്രങ്ങളിലും തുല്യവേതനം നല്‍കണം, നിയമനങ്ങള്‍ ദേവസ്വംബോര്‍ഡ് നേരിട്ടു നടത്തുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
എന്നാല്‍ ബോര്‍ഡിന്റെ നീക്കങ്ങളെ സംശയത്തോടെയാണ് വലിയ വിഭാഗം ക്ഷേത്രം ട്രസ്റ്റിമാരും കാണുന്നത്. ക്ഷേത്രം ഏറ്റെടുക്കാനെത്തിയ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിശ്വാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് മടങ്ങുന്നത് ഇന്നലെ ഗുരുവായൂരിലെ ഒരു ക്ഷേത്രത്തില്‍ നമ്മള്‍ കണ്ട സാഹചര്യംകൂടിയുണ്ട്. തിരുവിതാംകൂര്‍, കൊച്ചി മാതൃക ചൂണ്ടിക്കാട്ടിയുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ ക്ഷേത്രങ്ങള്‍ എന്തിനെതിര്‍ക്കണം?