മുളങ്കുന്നത്തുകാവ്(തൃശൂർ)∙ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിൽ ധനമന്ത്രി ടി.എം. തോമസ് ഐസക്കിന് 500 രൂപ സമ്മാനം. തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ കോൺട്രാക്ട്സ് സഹകരണ സംഘം മന്ത്രിക്ക് ഓണക്കോടിയോടൊപ്പം നൽകിയ ടിക്കറ്റിനാണ് സമ്മാനം. ആർഎൻ 261142 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് മന്ത്രിക്ക് ഭാഗ്യമെത്തിയത്.
സംഘം പ്രസിഡന്റ് ടി.ജി. സജീവും ഡയറക്ടർമാരും ആലപ്പുഴ ഗെസ്റ്റ് ഹൗസിലെത്തിയാണ് ഓണക്കോടിയും ടിക്കറ്റും മന്ത്രിക്ക് സമ്മാനിച്ചത്. ഓണസമ്മാനം നൽകുന്നതിനായി സംഘം 360 ടിക്കറ്റുകളാണ് വാങ്ങിയത്. ഇതിൽ 10 ടിക്കറ്റുകൾക്ക് 2,000 രൂപ വീതവും പത്തെണ്ണത്തിന് 500 രൂപ വീതവും സമ്മാനം ലഭിച്ചതായി സംഘം പ്രസിഡന്റ് ടി.ജി.സജീവ് അറിയിച്ചു.