ഷാർജ ഭരണാധികാരിക്ക് കാലിക്കറ്റ് സർവകലാശാല ഓണററി ഡി-ലിറ്റ് നൽകുന്ന ചടങ്ങ് വിവാദത്തിൽ. ചടങ്ങിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് ചട്ടവിരുദ്ധമാണെന്നു കാണിച്ച് ഗവർണർക്ക് പരാതി ലഭിച്ചു. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും പരാതിയിലുണ്ട്.
നാളെയാണ് ഷാർജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കാലിക്കറ്റ് സർവകലാശാല ഓണററി ഡി-ലിറ്റ് നൽകുന്നത്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പത്തുമിനിറ്റ് സംസാരിക്കുമെന്നും പ്രോഗ്രാം നോട്ടീസിലുണ്ട്. ഇത് സർവകലാശാല സ്റ്റാറ്റ്യൂട്ടിലെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ കൗൺസിൽ കൺവീനറും കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവുമായ ആർ.എസ്.ശശികുമാർ ചാൻസിലർകൂടിയായ ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്.
ചട്ടവിരുദ്ധമായി ഡി-ലിറ്റ് കൊടുക്കുന്നത് ഡിഗ്രി അസാധുവാകുന്നതിന് ഇടയാകുമെന്നും പരാതിയിലുണ്ട്. കൂടാതെ വേങ്ങര തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ പെട്ട കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.