തൊണ്ണൂറ്റിനാലാം ജന്മദിനത്തിന്റെ മധുരം നുകർന്ന് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. ഔദ്യോഗികവസതിയിൽ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആകെയുള്ള ആഘോഷം. രാജ്യത്തിന്റേയും കേരളത്തിന്റേയും ശത്രുക്കൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തണമെന്നായിരുന്നു വി.എസിന്റെ ജന്മദിനസന്ദേശം.
ഭാര്യക്കും മകനും മരുമകൾക്കും മധുരം നൽകിയതോടെ ജന്മദിന ആഘോഷങ്ങൾ അവസാനിച്ചു. ആശംസകൾ നേരാനെത്തിയവർക്കും മാധ്യമപ്രവർത്തകർക്കും ഓരോ ഗ്ലാസ് പായസം. പിന്നെ ചില പിറന്നാൾ സമ്മാനങ്ങൾ അദ്ദേഹം സ്വീകരിച്ചു. കടുത്ത വി.എസ് ആരാധകനായ മലപ്പുറം സ്വദേശി റെമിൽ ചേലമ്പ്ര വി.എസിനെക്കുറിച്ചു തയറാക്കിയ പാട്ട്് അദ്ദേഹത്തെ കേൾപ്പിച്ചു.
രാവിലെ മുതൽ ഫോണിൽ ജന്മദിനാശംസകളുടെ ബഹളമാണ്. സംസ്ഥാനത്തെ പ്രധാന സി.പി.എം നേതാക്കളൊന്നും വിളിച്ചില്ലെങ്കിലും സീതാറാം യെച്ചൂരി, വി.എം.സുധീരൻ തുടങ്ങി നിരവധി പ്രമുഖർ ആശംസകൾ നേർന്നു. 1923 ഒക്ടോബർ 20നായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. പിന്നെ പോരാട്ടത്തിന്റെ 94 വർഷങ്ങൾ. പ്രായം തളർത്താത്ത ആവേശത്തോടെ അതിപ്പോഴും തുടരുന്നു.